ചെന്നൈ: അടിയന്തര ചികിത്സയിലും അത്യാഹിത ചികിത്സയിലുമുള്ള എമർജൻസി മെഡിസിൻ പ്രോട്ടോക്കോളുകൾ വിപുലീകരിക്കുകയും പ്രാദേശികമായി പുന: ക്രമീകരിക്കുകയും ചെയ്യണമെന്ന് എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ട് ഡോ സുൽഫിക്കർ അലി ആഹ്വാനം ചെയ്തു. ഇരുപത്തിയാറാമത് എമർജൻസി മെഡിസിൻ ദേശീയസമ്മേളനം (എംകോൺ 2024) ചെന്നൈ ട്രേഡ് സെൻററിൽ നടത്തിയ ത്രിദിന സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന സ്വഭാവ വ്യത്യാസങ്ങളും പ്രതികരണ വ്യതിയാനങ്ങളും പെട്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമയബന്ധിതമായ ചികിത്സ അനിവാര്യമാണ്. ഇവക് കുവേണ്ടി പ്രത്യേകമായ പ്രോട്ടോക്കോളുകളും അൽഗോരിതങ്ങളും ഫ്ലോചാർട്ട്കളും തയ്യാറാക്കി കൊണ്ടുള്ള സമഗ്രമായ ചികിത്സാരീതി നടപ്പാക്കിയാൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാനും ദുരിതങ്ങൾക്ക് അറുതി വരുത്താനും സാധിക്കും. ഇത്തരം വ്യതിയാനങ്ങളെ മാനസിക പ്രശ്നങ്ങൾ ആക്കി ചികിത്സിക്കുന്നതിന് പകരം അതിൻറെ ശാരീരിക കാരണങ്ങളെ കണ്ടെത്തേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നു ദിവസമായി നീണ്ടുനിൽക്കുന്ന സമ്മേളനം ശനിയാഴ്ച സമാപിക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു മായി രണ്ടായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയാണ് സംഘാടകർ. ഡോക്ടർമാർക്കായി പ്രത്യേക പരിശീലന പരിപാടികളും ചർച്ചാ വേദികളും എക്സിബിഷനുകളും സമ്മേളനത്തിൽ ഒരുക്കിയിട്ടുണ്ട്