തിരുവനന്തപുരം: ജയിലുകളുടെ ആസ്ഥാനമായ തിരുവനന്തപുരം സെൻട്രൽ ജയിൽ കാമ്പസിലുള്ള 500-ലധികം ജീവനക്കാർക്ക് കായിക പ്രവർത്തനങ്ങൾക്കായും വ്യായാമത്തിനും പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർ ഏറ്റെടുത്ത ശ്രമകരമായ ദൗത്യം വിജയം നേടുകയാണ്.
വളരെയേറെ മാതൃകാപരവും പുരോഗമനപരവും സൃഷ്ടിപരവുമായ ഉദ്യമം വിജയകരമാക്കാൻ ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്. സമാനതകളില്ലാത്ത പിൻതുണയും സഹായവും പ്രോത്സാഹനവും നൽകി.
സെൻട്രൽ ജയിലിലെ ‘ഗാന്ധിസ്മൃതിവന’ ത്തിന് അഭിമുഖമായി 60 സെന്റ് സ്ഥലത്ത് വോളിബോൾ-ബാഡ്മിന്റൺ കോർട്ടുകൾ, ഡ്രസിംഗ് റൂമുകൾ, പവലിയൻ, ഓപ്പൺ ജിം എന്നിവ ഉൾക്കൊള്ളുന്ന ‘കളിക്കളം’ ഒരു ണ്ടിക്കഴിഞ്ഞു. ‘കളിക്കളത്തി’ന്റെ ഉദ്ഘാടനം 2024 നവംബർ 13 ബുധനാഴ്ച രാവിലെ 11 മണിക്ക് ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ് നിർവഹിക്കും.
കളിക്കളത്തിലെ ഓപ്പൺ ജിമ്മും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് 5 ലക്ഷം രൂപ ധനസഹായം ചെയ്ത ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറൽ മാനേജർ & റീജിയണൽ ഹെഡ് വി.എസ്.വി. ശ്രീധർ, ജയിൽ സൂപ്രണ്ട് എസ്. സജീവ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കാര്യക്ഷമമായ ജയിൽ ഭരണത്തിന് ജയിൽ ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അനിവാര്യമാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2024 മാർച്ച് മാസം കണ്ണൂരിൽ സംഘടിപ്പിച്ച പ്രിസൺ മീറ്റിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരായ കായിക താരങ്ങൾ മികച്ച വിജയം നേടിയിരുന്നു ഇതിൻ്റെ തുടർച്ചയായ ശ്രമഫലമാണ് ജയിൽ ക്യാമ്പയ സിനുള്ളിലെ സ്വന്തം കളിക്കളം എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് പ്രേരണ നൽകിയത്.