തിരുവനന്തപുരം : സർക്കാർ ജോലി കിട്ടിയതിനു ശേഷവും അതു മറച്ചു വെച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 1458 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സർവ്വസിൽ തുടരാൻ അനുവദിക്കുന്നത് നീതിയല്ലെന്നും അവരെ ഉടനടി സർവ്വീസിൽ നിന്നു പുറത്താക്കണമെന്നും ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു.
സംസ്ഥാന ധന വകുപ്പിൻ്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയെങ്കിലും സർക്കാർ നടപടി എടുക്കാൻ മടിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് ഡോ. കൈപ്പാറേടൻ കുറ്റപ്പെടുത്തി. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നു എന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. ഹയർ സെക്കണ്ടറി ഹൈസ്ക്കൂൾ അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.
പ്രശ്നം ലഘൂകരിച്ച് അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കുക മാത്രം ചെയ്ത് അന്വേഷണം അവസാനിപ്പിക്കാൻ ഭരണകക്ഷിയുടെ സർവ്വീസ് സംഘടനകൾ ധന വകുപ്പിനു മേൽ സമ്മർദ്ദം ചെലുത്തുകയാണ്. എന്നാൽ ഇതു കൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്ന് ഡോ. കൈപ്പാറേടൻ പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയെടുത്ത് സർവ്വീസിൽ നിന്നു പുറത്താക്കാനുള്ള നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ തയ്യാറാകണമെന്ന് കൈപ്പാറേടൻ ആവിശ്യപ്പെട്ടു.
രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെയും മറ്റൊരാൾ പാലക്കാട് ജില്ലയിലെയും സർക്കാർ കോളേജിലാണ് ജോലി ചെയ്യുന്നത്. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവരുള്ളത്. 373 പേർ.
പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) 114 പേരും മൃഗസംരണക്ഷ വകുപ്പിൽ 74 പേരും പൊതു മരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും ഹോമിയോപ്പതി വകുപ്പിൽ 41 പേരും കൃഷി / റവന്യു വകുപ്പുകളിൽ 35 പേർ വീതവും ജുഡീഷ്യറി & സോഷ്യൽ ജസ്റ്റീസ് വകുപ്പിൽ 34 പേരും മെഡിക്കൽ ഇൻഷ്വറൻസ് വകുപ്പിൽ 31 പേരും കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും ഹോമിയോപ്പതിയിൽ 25 പേരും
ക്ഷേമ പെൻഷൻ കൈപറ്റുന്നു.
മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങിലും പെൻഷൻ പറ്റുന്നവരുടെ എണ്ണവും കുറവല്ല. വിൽപന നികുതി 14, പട്ടികജാതി ക്ഷേമം എന്നിവിടങ്ങളിൽ 13, ഗ്രാമ വികസനം, പൊലീസ് / പിഎസ്സി / ആയുർവേദ / മെഡിക്കൽ എഡ്യുക്കേഷൻ എന്നിവിടങ്ങളിൽ 10 വീതം, സഹകരണം എട്ട്, ലജിസ്ലേച്ചർ / സെക്രട്ടറിയറ്റ്, തൊഴിൽ പരിശീലനം / പൊതുഭരണം/ വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവിടങ്ങളിൽ ഏഴു വീതം, വനം വന്യജീവി ഒമ്പത്, സോയിൽ സർവെ / ഫിഷറീസ് ആറു വീതം, തദ്ദേശ ഭരണം / വാഹന ഗതാഗതം / വ്യവാസായവും വാണിജ്യവും / ഫയർഫോഴ്സ് / ക്ഷീര വികസനം/ പൊതുവിതരണം / അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ നാലു വീതം. സാമൂഹിക ക്ഷേമം/ രജിസ്ട്രേഷൻ/ മ്യുസിയം / പ്രിന്റിങ് / ഭക്ഷ്യ സുരക്ഷ / എക്സൈസ് / ആർക്കിയോളജി എന്നിവിടങ്ങളിൽ മൂന്നു വീതം, തൊഴിൽ / ലീഗൽ മെട്രോളജി/ മെഡിക്കൽ എക്സാമിനേഷൻ ലബോട്ടറി / എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്/ ലോ കോളേജുകൾ എന്നിവിടങ്ങളിൽ രണ്ടു വീതം. എൻസിസി/ ലോട്ടറീസ്/ ജയിൽ / തൊഴിൽ / കോടതി / ഹാർബർ എൻജിനിയറിങ്/ ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് / ഡ്രഗ്സ് കൺട്രോൾ/ പിന്നോക്ക വിഭാഗ വികസനം/ കയർ വകിസനം എന്നിവിടങ്ങളിൽ ഒന്നു വീതം.
ഇത്രയും പേർ സർവ്വീസിൽ കയറിയതിനു ശേഷവും ക്ഷേമ പെൻഷൻ കൈപറ്റുന്നു
എന്ന കണ്ടെത്തൽ ഗുരുതരമായ വിഷയമാണ്. സർവ്വീസ് സംഘടനകൾ നടത്തുന്ന രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പേരിൽ ഈ തട്ടിപ്പിനെ ലഘൂകരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചാൽ ജനങ്ങൾ അതിനു മാപ്പു തരില്ലെന്നു കൈപ്പാറേടൻ പറഞ്ഞു.
കൂടുതൽ പേർ തട്ടിപ്പു നടത്തുന്നുണ്ടോയെന്നു കണ്ടെത്താൻ സംസ്ഥാന സർക്കാർ വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരണമെന്ന് കൈപ്പാറേടൻ ആവിശ്യപ്പെട്ടു. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ സ്വീകരിക്കേണ്ട സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചാൽ അക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഡോ. കൈപ്പാറേടൻ മുന്നറിയിപ്പു നൽകി.