കല്‍പ്പറ്റ : ചൂരല്‍മല മുണ്ടക്കൈ ദുരന്തം നടന്നിട്ട് 100 ദിവസം പിന്നിട്ടിട്ടും ദുരിതബാധിതരെ പുനരധിവസിപ്പിക്കാനോ അവരുടെ നിത്യജീവിതം സാധാരണ രീതിയില്‍ ആക്കുന്നതിനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യാതൊരു രീതിയിലുള്ള പദ്ധതിയും പ്രഖ്യാപിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. ഇത് ദുരിതബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയാണെന്ന് കെപിസിസി മെമ്പര്‍ പി പി ആലി പറഞ്ഞു. കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ വാടകക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കുട്ടികളുടെ പഠനവും നിത്യജോലിയും പ്രയാസകരമായ സാഹചര്യമാണ് നിലവിലുള്ളത്. ഓരോ മാസങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാര്‍ നിശ്ചയിച്ച വാടക പല കുടുംബങ്ങള്‍ക്കും ലഭിക്കാതെ വരുന്ന ഗുരുതരമായ സാഹചര്യമാണ്. ദുരന്തബാധിതരായ നൂറുകണക്കിന് കുടുംബങ്ങളോട് ഇരു സര്‍ക്കാറുകളും മാനൂഷികമായ പരിഗണന പോലും നല്‍കാതെയും ദുരന്തത്തിന്റെ ഗൗരവം പോലും മനസ്സിലാക്കാതെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ ടി ജെ ഐസക്ക്, കെ വി പോക്കര്‍ ഹാജി, ജി വിജയമ്മട്ടീച്ചര്‍, ബിനു തോമസ്, കെ കെ രാജേന്ദ്രന്‍, ഒ ഭാസ്‌കരന്‍ ഒ വി റോയ്, എ രാംകുമാര്‍, ഷിജു ഗോപാല്‍, ഹര്‍ഷല്‍ കോന്നാടന്‍, ശശി പന്നിക്കുഴി, രാജു ഹെജമാടി, സുന്ദര്‍ രാജ് എടപ്പെട്ടി, രാധാ രാമസ്വാമി, ആര്‍ ഉണ്ണികൃഷണന്‍, ജോണ്‍ മാതാ, വയനാട് സക്കറിയാസ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ ശശി കുമാര്‍, രോഹിത് ബോധി, പൊന്നു മുട്ടില്‍, ഉണ്ണികൃഷ്ണന്‍ അരപ്പറ്റ, സുലൈമാന്‍ മുണ്ടക്കൈ, എന്‍ കെ സുകുമാരന്‍, T A മുഹമ്മദ്, എം നോറിസ്, കെ ബാബു, സുജാത മഹാദേവന്‍, ശ്രീജ ബാബു, ഡിന്റോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.