കാൻസർ രോഗ സ്ക്രീനിംഗ് വ്യാപകമാക്കണം

Kannur

കണ്ണൂർ: വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗ സാധ്യതകളെ മുൻനിർത്തിക്കൊണ്ട് ജീവിതശൈലി രോഗങ്ങൾക്ക് സ്ക്രീനിങ് നടപ്പാക്കുന്ന രീതിയിൽതന്നെ കാൻസർ രോഗത്തിന് വ്യാപകമായ സ്ക്രീനിങ് നടത്തണമെന്ന് ഐ എം എ സംസ്ഥാന കമ്മിറ്റിയംഗം ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു.

ഓൺക്യുർ ഹെൽത്ത് സ്ക്രീനിങ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചുകൊണ്ട്, വിസ്മയ പാർക്കിൽ സംഘടിപ്പിച്ച കാൻസർ രോഗ സ്ക്രീനിംഗും ബോധവൽക്കരണ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൻസറിനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകൾ സ്ക്രീനിങ് പദ്ധതിയുമായി സഹകരിക്കാൻ ആളുകളെ വിമുഖരാക്കുന്നുണ്ട്.നേരത്തെ കണ്ടെത്തിയാൽ ഫലപ്രദമായും പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് മഹാഭൂരിപക്ഷം കാൻസർ രോഗവും. കാൻസറിനെക്കുറിച്ച് ഭയമല്ല അവബോധവും ജാഗ്രതയുമാണ് വേണ്ടത്.

ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാൻ എച്ച് പി വി വാക്സിൻ ഏറെ ഫലപ്രദമാണെന്നും ഹൈസ്കൂൾ വിദ്യാർഥിനികളിൽ സർക്കാർ മുൻകൈയെടുത്തു കൊണ്ട് ഈ പ്രതിരോധകുത്തിവെപ്പ് വ്യാപകമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാൻസർ രോഗ പ്രതിരോധവും ബോധവൽക്കരണവും സ്ക്രീനിങ് പദ്ധതിയും ആസൂത്രണം ചെയ്യുന്ന സ്ഥാപനമാണ് ഓൺകുയർ ഹെൽത്ത് കെയർ. പ്രമുഖ കാൻസർ സർജൻ ഡോ അബ്ദുള്ള കെ പി ഓണ്ക്യുറ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ഏർലി ഡിറ്റക്ഷൻ ആൻഡ് പ്രിവന്റീവ് ഓങ്കോളജി കണ്സല്ടന്റ് ഡോ ദീപ്തി ടി ആർ ക്ലാസ്സെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, സംസ്ഥാന പേഷ്യൻസ് കെയർ സ്കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.നിതിൻ തലോറ, ശ്രീരാഗ് കുറുപ്പത്ത്, ഷൈനി രാജേഷ്, സജീഷ് പി, അഭിജിത്ത് എസ് , നിധിന് വി വി പ്രസംഗിച്ചു