കോഴിക്കോട് : വിദ്യാഭ്യാസ മേഖലയിലെ പഠനസഹായങ്ങളും ഫെല്ലോഷിപ്പുകളും വെട്ടിക്കുറക്കുകയും ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ തുക ഓരോ വർഷവും ചുരുക്കിക്കൊണ്ടുവരികയും ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. 2021 മുതൽ നിർത്തലാക്കിയ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീന്‍സ് എന്നീ സ്‌കോളര്‍ഷിപ്പുകള്‍ ഇനി പുനസ്ഥാപിക്കുകയില്ല എന്ന കേന്ദ്ര തീരുമാനം ന്യൂനപക്ഷങ്ങളോടുള്ള കടുത്ത അനീതിയാണ്. അവകാശപ്പെട്ട ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന, തീർത്തും പ്രതിലോമകരമായ ഇത്തരം സമീപനങ്ങൾ തുടരുകയാണെങ്കിൽ, നമ്മുടെ നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തോടുണ്ടാവുന്ന വർദ്ധിക്കുന്ന ആഭിമുഖ്യത്തെ പഴിചാരിയിട്ട് കാര്യമുണ്ടാവില്ല എന്നും സംഗമം വിലയിരുത്തി.
2025 മെയ് 11ന് പെരിന്തൽമണ്ണയിൽ വച്ച് നടക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ മുന്നോടിയായി നടത്തിയ നേതൃസംഗമം വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫുവാൻ ബറാമി അൽ ഹികമി ഉദ്ഘാടനം നിർവ്വഹിച്ചു. കോൺഫറൻസിന് മുന്നോടിയായി ആസൂത്രണം ചെയ്തിട്ടുള്ള ജില്ലാ മുജാഹിദ് വിദ്യാർത്ഥി സമ്മേളനങ്ങൾ, ക്യാമ്പസ് കോൺഫറൻസുകൾ, ഇൻ്റർ സ്കൂൾ ക്വിസ് മത്സരങ്ങൾ, മണ്ഡലം ബാലസമ്മേളനങ്ങൾ, ശാഖാ വിദ്യാർത്ഥി സമ്മേളനങ്ങൾ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പയിൻ, ഇൻ്റലക്ച്വൽ മീറ്റുകൾ, ബൗദ്ധിക സംവാദങ്ങൾ തുടങ്ങി നിരവധി പരിപാടികൾക്ക് സംഗമം അന്തിമരൂപം നൽകി.
വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ അബ്ബാസ് അധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ട്രഷറർ ശബീബ് മഞ്ചേരി, വൈസ് പ്രസിഡന്റുമാരായ അസ്ഹർ അബ്ദുറസാഖ്, അബ്ദുൽ മാജിദ് ചുങ്കത്തറ സെക്രട്ടറിമാരായ ഷാമിൽ എടവണ്ണപ്പാറ, സുജൈദ് പാണ്ടിക്കാട്, ജസീൽ മദനി കൊടിയത്തൂർ, റൈഹാൻ കാക്കനാട് തുടങ്ങിയവർ സംസാരിച്ചു.