സി.ഐ. ഇ. ആർ കോഴിക്കോട് സൗത്ത് ജില്ലാ മദ്റസ പ്രവേശനോൽസവം വർണ്ണാഭമായി

Kozhikode

മുക്കം :കൗൺസിൽ ഫോർ ഇസ്ലാമിക് എസ്യുക്കേഷൻ ആൻ്റ് റിസർച്ചിന് കീഴിലുള്ള മദ്റസകളുടെ കോഴിക്കോട് സൗത്ത് ജില്ലാ മദ്റസ പ്രവേശനോൽസവത്തിൻ്റെ ഉദ്ഘാടനം ചെറുവാടി അൽ -ഫിത്റ സലഫി മോഡൽ മദ്റസയിൽ വർണ്ണാഭമായി നടന്നു. അറിവിൻ്റെ മധുരം തേടിയെത്തിയ കുരുന്നുകളെ വർണ്ണ ബലൂണും വർണ്ണച്ചിത്രങ്ങളും കൊണ്ടലങ്കരിച്ച ക്ലാസ് മുറികളിലേക്ക് അധ്യാപകരും സംഘാടകരും സമ്മാനങ്ങൾ നൽകി ആനയിച്ചു. അവധി കഴിഞ്ഞെത്തിയ കൂട്ടുകാർ പരസ്പരം കൈ കൊടുത്തും ആശ്ശേഷിച്ചും സ്നേഹം പങ്കിട്ടു.

പ്രവേശനോൽസവ ഭാഗമായി ലഹരി വിപത്തിനെതിരെ സമൂഹ മന:സാക്ഷി ഉണർത്താൻ വിദ്യാർത്ഥികളും -അധ്യാപകരും രക്ഷിതാക്കളും അണി നിരന്ന് ചെറുവാടി ടൗണിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്ര ശ്രദ്ധേയമായി.

ലിൻ്റോ ജോസഫ് എം.എൽ. എ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. നേടുന്ന അറിവുകൾ തിരിച്ചറിവാകുമ്പോഴാണ് ജീവിത മൂല്യങ്ങൾ സ്വാംശീകരിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രസിഡണ്ട് എം.ടി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യപ്രഭാഷണം നടത്തി.ഗായകനും കലാകാരനുമായ ഹക്കീംപുൽപ്പറ്റ “പാട്ടും പറച്ചിലും “പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. മദ്റസ പ്രവേശനോൽസവ ഗാനം രചിച്ച നസീർ ചെറുവാടിയെയും ആലപിച്ച ഹക്കീംപുൽപറ്റയെയും ആദരിച്ചു.

സി.ഐ. ഇ.ആർ ജില്ലാ കൺവീനർ അബ്ദുൽ മജീദ് പുത്തൂർ, ഐ.എസ് എം ജില്ല പ്രസിഡണ്ട് ഇൽയാസ് പാലത്ത് , എം.എസ്.എം ജില്ലാ സെക്രട്ടറി ജദീർ കൂളിമാട് , പി.സി അബ്ദുറഹിമാൻ, നഫീസ ബാപ്പുട്ടി ,നസീർ ചെറുവാടി, ഡോ: ഒ.സി അബ്ദുൽ കരീം , പി.എ ആസാദ് മാസ്റ്റർ , പി.ടി.സുൽഫിക്കർ , കെ.വി. അബ്ദുൽ സലാം, ജമാൽ നെച്ചിക്കാട്, മുഹമ്മദ് കക്കാട് പ്രസംഗിച്ചു.