കോഴിക്കോട് : 25-ാം വയസിൽ കൊല്ലം ജില്ലയിൽ നിന്ന് കോഴിക്കോട്ട് ട്രഷറി ജീവനക്കാരനായി എത്തിയ എം എ ജോൺസൺ, കോഴിക്കോട് നഗരത്തിൽ നടത്തിയ ഇടപെടലുകൾ പ്രമുഖ സാംസ്കാരിക പ്രവർത്തകരുടെ ആദര ഭാഷണത്തിൽ പ്രകടമായി. ഗ്രന്ഥശാല സ്ഥാപിക്കാൻ കുട്ടിക്കാലത്ത് എടുത്ത പ്രതിജ്ഞ കാളാണ്ടിത്താഴത്ത് പ്രാവർത്തികമാക്കിയ എം.എ.ജോൺസണെ കാലിക്കറ്റ് ബുക്ക് ക്ളബ്ബിൻ്റെ സുവർണ ജൂബിലി വർഷാചരണത്തിൻ്റെ ഭാഗമായാണ് ആദരിച്ചത്.
ആദരപ്രഭാഷണം നടത്തിയ സംസ്കൃത സർവ്വകലാശാല മുൻ വി സി യും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ. ( ഡോ.) ജെ പ്രസാദ് ജോൺസൻ്റെ സാംസ്കാരിക രംഗത്തെ ഇടപെടലുകളും വ്യക്തിയെന്ന നിലയിലെ പ്രത്യേകതകളും വിമർശനബുദ്ധ്യാ പരിശോധിച്ചാണ് ആദരഭാഷണം നടത്തിയത്. കാലിക്കറ്റ് ബുക്ക് ക്ളബ്ബിൻ്റെ മുഖ്യ രക്ഷാധികാരിയും പ്രമുഖ എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമിയുടെ മുൻ വൈസ് പ്രസിഡൻ്റും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ‘ മേരെ ഖർ ആക്കേ തോ ദേഖോ ‘ ( എൻ്റെ വീട്ടിലേക്ക് വരൂ, എന്നെ അറിയൂ ) എന്ന ദേശീയ ക്യാമ്പയിൻ്റെ കേരള ഘടകമായ മാനവിക വേദിയുടെ മുഖ്യ സംഘാടകയുമായ ഡോ. ഖദീജാ മുംതാസ് ആദരപത്രിക സമർപ്പിച്ചു നടത്തിയ ഹൃസ്വഭാഷണത്തിലും അതേ സമീപനം തന്നെയാണ് സ്വീകരിച്ചത്.
ഇത്തരം ആദരിക്കൽ ചടങ്ങുകളിൽ സ്വയം വിമർശനരീതി പിന്തുടരുന്ന എം എ ജോൺസണും വേദി ഹാൾ നിറഞ്ഞു കവിഞ്ഞ ട്രഷറിയിലെ പഴയ കാല സഹപ്രവർത്തകർക്കും ദർശനം ഗ്രന്ഥശാല പ്രവർത്തകർക്കും ആ അവതരണ രീതി ഹൃദ്യമായി അനുഭപ്പെട്ടു.
കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മുതിർന്ന സാംസ്കാരിക പ്രവർത്തകനും ദർശനം സാസ്കാരിക വേദി ഗ്രന്ഥശാലയുടെ സ്ഥാപകനുമായ എം എ ജോൺസണെ ആദരിച്ചത്. പ്രമുഖ നാടക പ്രവർത്തകരായ ഗോപിനാഥ് കോഴിക്കോട്, കെ ആർ മോഹൻദാസ്, അധ്യക്ഷനായ വിൽസൺ സാമുവൽ, ബുക്ക് ക്ളബ് രക്ഷാധികാരി പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായഐസക് ഈപ്പൻ, ബുക്ക് ക്ള്ബ്ബ് പ്രസിഡൻ്റ് ടി പി മമ്മു മാസ്റ്റർ, എഴുത്തുകാരൻ കെ ജി രഘുനാഥ് എന്നിവർ ആശംസ നേർന്നു.
48 വർഷത്തെ കോഴിക്കോട് നഗരജീവിതത്തിൽ ഒപ്പം പ്രവർത്തിച്ചവർക്കും തൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ആദരപരിപാടി സംഘടിപ്പിച്ച കാലിക്കറ്റ് ബുക്ക് ക്ളബ്ബിനും നന്ദി അർപ്പിച്ച് മറുപടി പ്രസംഗം നടത്തി.സാംസ്കാരിക നഗരത്തിൻ്റെ കാലിക്കറ്റ് ബുക്ക് ക്ളബ് സെക്രട്ടറി യും എഴുത്തു കാരനുമായ ഡോ.എൻ എം സണ്ണി സ്വാഗതവും കവിയും സാംസ്കാരിക പ്രവർത്തകനുമായ മോഹനൻ പുതിയോട്ടിൽ നന്ദിയും പറഞ്ഞു.