മുജാഹിദുകൾ വഹാബികളല്ലെന്ന് ഡോ ഹുസൈൻ മടവൂർ

Wayanad

വെള്ളമുണ്ട, (വയനാട് ): കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ വഹാബികൾ എന്ന് മുദ്രകുത്തി വിമർശിക്കുന്നവർ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മുജാഹിദുകൾ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസാചാരങ്ങൾ അംഗീകരിക്കുന്ന യഥാർത്ഥ സുന്നികളാണെന്നും കെ.എൻ.എം. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

ഐ.എസ്.എം സംസ്ഥാന സമിതി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച വെളിച്ചം അന്താരാഷ്ട്ര ഖുർആൻ സംഗമത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുജാഹിദുകൾ വഹാബികളല്ല. ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ച ഖാരിജി ഇബാളി വിഭാഗത്തിൽ പെട്ട അബ്ദുൽ വഹാബ് ബിൻ റുസ്തം എന്ന ആളുടെ പ്രസ്ഥാനമാണ് പിൽക്കാലത്ത് വഹാബീ പ്രസ്ഥാനമെന്ന് അറിയപ്പെട്ടത്. അവർ പിഴച്ചവരാണെന്ന് അന്നത്തെ അഹ് ലുസ്സു യുടെ പണ്ഡിതന്മാർ ഫത് വ നൽകിയതാണ്. പിന്നീട് തൊള്ളായിരം വർഷങ്ങൾക്കു ശേഷം ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച മഹാപണ്ഡിതനായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ നവോത്ഥാന പ്രവർത്തനങ്ങളെ ശത്രുക്കൾ വഹാബിസം എന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. ആ അബ്ദുൽ വഹാബും മുഹമ്മദ് ബിൻ അബ്ദുൽ വഹാബും രണ്ട് പേരാണ്. അവരുടെ വിശ്വാസ ആദർശങ്ങളും വ്യത്യസ്ഥമാണ്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനമോ ലോകത്തിലെ ഏതെങ്കിലും ഇസ്ലാഹി പ്രസ്ഥാനങ്ങളോ തങ്ങൾ വഹാബികളാണെന്ന് പറയുന്നില്ല. മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഒരു പ്രമുഖ പണ്ഡിതനാണെന്നും അദ്ദേഹം പഠിപ്പിച്ചത് യഥാർത്ഥ സുന്നീ ആദർശമാണെന്നും സൗദി അറേബ്യയിലെ സലഫീ പണ്ഡിതന്മാരും ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹുസൈൻ മടവൂർ വിശദീകരിച്ചു.