കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപന ഗുണനിലവാര വിലയിരുത്തൽ ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) അംഗീകാരം കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങിന്. ‘എ’ ഗ്രേഡ് അഭിമാന നേട്ടമാണ് കോളേജ് സ്വന്തമാക്കിയത്. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്തെ കോളേജിൻ്റെ മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്.
13 ന് മൂന്ന് മണിക്ക് മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് “നാക് അക്രഡിറ്റേഷൻ സിർട്ടിഫിക്കറ്റ്” സമർപ്പണം നിർവ്വഹിക്കും. ചടങ്ങിൽ എ.പി അനിൽ കുമാർ എം.എൽ.എ വിശിഷ്ടാതിഥിയാകും.
ഇന്ത്യയിലെ നഴ്സിംഗ് കോളേജുകളിൽ ഏറ്റവും ഉയർന്ന CGPA സ്കോറാണ് കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് കരസ്ഥമാക്കിയത്. അടിസ്ഥാന സൗകര്യ വികസനം, അധ്യാപക നിലവാരം, വൈവിധ്യമാർന്ന ഗവേഷണങ്ങൾ, നൂതന പഠന രീതികൾ, അക്കാദമിക് മികവ് എന്നിവയുൾപ്പെടെ സമസ്ത മേഖലകളിലേയും മികവിനാണ് നാക് ‘എ’ ഗ്രേഡ് ലഭിച്ചിരിക്കുന്നത്.
ആരോഗ്യ മേഖലയിലും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും കെ.എം.സി.ടി നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഈ നേട്ടമെന്ന് കെ.എം.സി.ടി സ്ഥാപക ചെയർമാൻ ഡോ: കെ മൊയ്തു ഇതോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശീയ തലത്തിൽ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഈ നേട്ടം അധ്യാപകരുടെയും- വിദ്യാർത്ഥികളുടേയും മറ്റു ജീവനക്കാരുടേയും കഠിനാധ്വാനത്തിന്റെ ഫലമായി ലഭിച്ച താണെന്ന് കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പാൾ മഗേശ്വരി പറഞ്ഞു. തുടർന്നും മികച്ച നഴ്സിംഗ് വിദ്യാഭ്യാസം ലഭ്യമാക്കാനും ആരോഗ്യ മേഖലയിൽ ഗണ്യമായ മാറ്റം വരുത്താനുമുള്ള പ്രോത്സാഹനമായാണ് അംഗീകാരത്തെ കാണുന്നത്.
2008 ലാണ് കോഴിക്കോട് മുക്കം കേന്ദ്രീകരിച്ച് കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് പ്രവർത്തനമാരംഭിച്ചത്. വാർത്താ സമ്മേളത്തിൽ ഷൈൻ തോമസ്( IQAC കോ ഓർഡിനേറ്റർ), സലീം കെ. എൻ. (ചീഫ് ആക്രെഡിറ്റേഷൻ) എന്നിവരും പങ്കെടുത്തു.