ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൻ്റെയും, പതിമൂന്നാം വാർഡിൻ്റെയും അതിർത്ഥിയിൽ ചെട്ട്യാം പറമ്പ് കനാൽ പാലം ഉദ്ഘാടനം ചെയ്യുന്ന സംഘാട സമിതി സിറ്റിങ്ങ് മെമ്പർമാരെ പങ്കെടുപ്പിക്കാതെ മറ്റൊരു വാർഡിൽ സംഘടിപ്പിച്ച് മെമ്പർമാരെ അപമാനിച്ച വിഷയത്തിൽ ജില്ലാ കലക്ടർക്കും മറ്റും ജനപ്രതിനിധികൾ പരാതി നൽകി. ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തിയുള്ള ഭരണഘടനാ ലംഘനമാണ് ഇതിലൂടെ അരങ്ങേറിയതെന്ന് മെമ്പർമാർ ആരോപിച്ചു.
കഴിഞ്ഞ വർഷമാണ് മുൻ എം.പി കെ.മുരളിധരൻ 35 ലക്ഷം രൂപ അനുവദിച്ച കനാൽ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് അതിന് അമ്പത് മീറ്റർ അകലെയാണ് വ്യക്തിതാൽപര്യപ്രകാരം ഇപ്പോഴത്തെ നിർമ്മിതി ഉണ്ടായിട്ടുള്ളത് എന്നത് വലിയ വിരോധാഭാസമാണ്. മാത്രവുമല്ല മറ്റൊരു ഡിവിഷൻ മെമ്പറുടെ ഫണ്ടാണ് ഇതിന് ഉപയോഗിച്ചതെന്നും പരക്കെ ആക്ഷേപവുമുണ്ട്. പല ഭാഗത്തും കനാലിന് കുറുകെ പാലം നിർമ്മിക്കാൻ അനുമതി കാത്തിരിക്കുന്നവർക്ക് ഇത് വലിയ ചോദ്യചിഹ്നമാണ് അവശേഷിപ്പിക്കുന്നത്. തൊട്ടടുത്ത് വർഷങ്ങളായി റോഡിന് കാത്തിക്കുന്ന പുതുശ്ശേരിക്കണ്ടിതാഴെയുള്ളവർക്ക് ഇതിലൂടെ വലിയൊരു പ്രഹരവുമാണ് ഏറ്റിട്ടുള്ളത്.
2023 - 24 സാമ്പത്തിക വർഷത്തിലെ ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കനാൽപ്പാലത്തിൻ്റെ സംഘാടകസമിതിയാണ് വ്യക്തിതാൽപര്യത്തിൻ്റെ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത് ഉദ്ഘാടനം തിയ്യതി കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയോ, മന്ത്രിമാരോ പഞ്ചായത്ത് പരിധിയിൽ എത്തിച്ചേരുമ്പോൾ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി വിളിച്ചു ചേർത്താണ് അത്തരം പരിപാടികൾ വിജയിപ്പിക്കുന്നതെന്നും മെമ്പർ മാരായ ടി.കെ. ഹാരിസും, എ. സുരേന്ദ്രനും പറഞ്ഞു.