ഉത്തരക്കടലാസ് ലഭ്യമായില്ല: ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷ ആശങ്കയില്‍

Wayanad

കല്പറ്റ: ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതുന്ന ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുരി ഒന്നിന് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ആരംഭിച്ചെങ്കിലും പരീക്ഷ എഴുതാനുളള പുതുക്കിയ ഉത്തരക്കടലാസുകള്‍ ഇതുവരെ സ്‌കൂളുകളില്‍ ലഭ്യമായില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോ.ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഉത്തരക്കടലാസ് ലഭിക്കാത്ത സ്‌കൂളുകളോട് അടുത്ത സ്‌കൂളില്‍ നിന്നും വാങ്ങാനൊ ഫോട്ടോകോപ്പി എടുക്കാനൊ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയായ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ വിലയിടിച്ച് കാണിക്കുന്ന നടപടിയാണ് വളരെ പ്രധാനപ്പെട്ട ഒരു പൊതുപരീക്ഷയുടെ ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി എടുക്കാനുള്ള സര്‍ക്കുലര്‍ എന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗത്തിന് ഗുരുതര വീഴ്ച പറ്റിയതായി പ്രിന്‍സിപ്പല്‍മാരും അധ്യാപകരും അറിയിച്ചു.

ആരോടും ആലോചിക്കാതെ സ്വന്തം നിലയില്‍ തോന്നുന്ന തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗത്തിന്റെയും എക്‌സാം ജോ. ഡയറക്ടറുടേയും കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് പൊതുപരീക്ഷ തുടങ്ങിയിട്ടും ഉത്തരക്കടലാസുകള്‍ സ്‌കൂളില്‍ ലഭ്യമാക്കാത്ത അവസ്ഥയെന്ന് ഹയര്‍ സെക്കണ്ടറി അധ്യാപക സംഘടനയായ എ എച്ച് എസ് ടി എ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *