ഇടപ്പാടി കുന്നേമുറിയിലെ സ്ലാബുകള്‍ നീക്കം ചെയ്തത് പൊതുമരാമത്ത് വകുപ്പിന്‍റെ കുറ്റസമ്മതം

Kottayam

പാലാ: ഇടപ്പാടി കുന്നേമുറിയില്‍ നടപ്പാതയും റോഡും കൈയ്യേറി സ്ലാബ് സ്ഥാപിച്ചതുമൂലമാണ് ഒരു മനുഷ്യ ജീവന്‍ പൊലിയാന്‍ ഇടയാക്കിയതെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. അനധികൃതമായി സ്ഥാപിച്ച താല്‍ക്കാലിക സ്ലാബുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൊതുമരാമത്ത് അധികൃതര്‍ നീക്കം ചെയ്തതിലൂടെ ഫൗണ്ടേഷന്റെ ആരോപണം ശരിവയ്ക്കുകയാണ്. സ്ലാബുകള്‍ നീക്കം ചെയ്തത് പൊതുമരാമത്ത് വകുപ്പിന്റെ കുറ്റസമ്മതമായി കണക്കാക്കി നരഹത്യയ്ക്കു കേസെടുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയുടെ മരണത്തിനും ഒരു കുടുംബത്തെ ഒന്നാകെ തീരാ ദുഃഖത്തിലേയ്ക്കും തള്ളി വിട്ട പൊതുമരാമത്ത് വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഗുരുതരമായി പരുക്ക് പറ്റിയ അഞ്ച് കുടുംബാംഗങ്ങള്‍ ചികിത്സയിലാണ്. ഇവര്‍ക്കുള്ള ചികിത്സാ ചെലവും നഷ്ടപരിഹാരവും പൊതുമരാമത്ത് വകുപ്പ് അധികൃതരില്‍ നിന്നും കരാറുകാരനില്‍ നിന്നും അടിയന്തിരമായി ഈടാക്കി ഇവര്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും.

ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, സാബു എബ്രാഹം, അനൂപ് ചെറിയാന്‍, ബിനു പെരുമന, ബിപിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *