ജനസാഗരമായി പള്ളിക്കുന്ന്, വിശ്വാസികളെ വരവേറ്റ് ലൂര്‍ദ് മാതാ ദേവാലയം

Wayanad

പള്ളിക്കുന്ന്: ലൂര്‍ദ് മാതാ ദേവാലയത്തിന്റെ 116ാം വാര്‍ഷിക തിരുന്നാള്‍ ആരംഭിച്ചതോടെ ജനസാഗരമായി പള്ളിക്കുന്ന്. ഫെബ്രുവരി രണ്ടിന് ആരംഭിച്ച തിരുനാള്‍ 18നാണ് അവസാനിക്കുക. കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വയനാട്ടിലെ പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഫെബ്രുവരി 10, 11, 12 തിയ്യതികളിലാണ് നടക്കുക. ജില്ലയില്‍ നിന്നും കേരളത്തിന്റെ ഇതര ജില്ലകളില്‍ നിന്നും കൂടാതെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇതിനോടകം തന്നെ പള്ളിക്കുന്നിലെത്തിയത്. തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനും സൗകര്യം ഒരകകന്നതിനുമായി വിപുലമായ പരിപാടികളാണ് ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.

കിഴക്കിന്റെ ലൂര്‍ദ് എന്ന് അറിയപ്പെടുന്ന പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയം മലബാറിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. 1908ല്‍ വയനാട്ടിലെത്തിയ ഫ്രഞ്ച് മിഷനറി ആര്‍മെണ്ട് ഷാങ്മാരി ജെഫ്രിനോ സ്ഥാപിച്ചതാണ് ഈ തീര്‍ത്ഥാടന കേന്ദ്രം. മാനന്തവാടി കേന്ദ്രമായി പ്രവര്‍ത്തിച്ച് വയനാട് മുഴുവന്‍ സഞ്ചരിച്ച് ജെഫ്രിനോ അച്ചന്‍ ഇവിടെ മുളയും മാനിപ്പുല്ലും കൊണ്ട് ഒരു ഷെഡ്ഡ് നിര്‍മ്മിച്ച് അവിടെ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു. ഈ എളിയ തുടക്കത്തിന്റെ ഓര്‍മ്മയാണ് ഫെബ്രുവരി രണ്ടുമുതല്‍ 18വരെയുള്ള തിരുനാള്‍ ആഘോഷം.

ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ വയനാട്ടുകാര്‍ക്ക് ഉത്സവമാണ്. ദൈവത്തെ സ്തുതിക്കുവാനും തങ്ങള്‍ക്കുവേണ്ടി മധ്യസ്ഥം വഹിക്കുന്ന ലൂര്‍ദ് മാതാവിനെ ആദരിക്കാനുമുള്ള അവസരമാണ് ഈ ഉത്സവം. വയനാടിന്റെ സംസ്‌കാരവും പൈതൃകവും തനിമയും ഒട്ടും നഷ്ടപ്പെടാതെ സര്‍വ്വമതസ്ഥരും ഇത് തങ്ങളുടെ ഉത്സവമായി ഏറ്റെടുത്ത് നടത്തുന്നു എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

ലൂര്‍ദ്മാതാവിന്റെ തിരുനാള്‍ മലബാറിന്റേയും അയല്‍ സംസ്ഥാനങ്ങളുടേയും കൂടി തിരുനാളാണ്. അതിനാലാണ് കിഴക്കിന്റെ ലൂര്‍ദ് എന്ന് അറിയപ്പെടുന്നത്. പതിനായിരക്കണക്കിന് ഭക്തജന സമൂഹം പൊരിവെയിലത്ത് മണിക്കൂറുകള്‍ ക്യൂ നിന്ന് ദേവായല മുകളിലെ ഗ്രോട്ടോയിലുള്ള ലൂര്‍ദ് മാതാവിന്റെ തിരുസ്വരൂപവും ദേവാലയത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രാന്‍സില്‍ നിന്നും കൊണ്ടുവന്ന മാതാവിന്റെ തിരുസ്വരൂപവും വണങ്ങുന്നതിനും പൂമാലകളും നേര്‍ച്ച വസ്തുക്കളും സമര്‍പ്പിക്കുന്നതിനും ആത്മീയ സംസ്‌കരണത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും കൃതജ്ഞത അര്‍പ്പിക്കുന്നതിനും ശയന പ്രദക്ഷിണം ചെയ്യുന്നതിനും മറ്റും അനുഭവപ്പെടുന്ന തിരക്ക് അമ്മയുടെ അത്ഭുത സാക്ഷ്യം തന്നെയാണ്.

പ്രധാന തിരുനാള്‍ ഒഴികെ എല്ലാദിവസവും വൈകുന്നേരം അഞ്ചുമണിക്ക് തിരുനാള്‍ ദിവ്യബലിയും നൊവേനയും ഉണ്ട്. തിരുനാള്‍ ജാഗരമായ ഫെബ്രുവരി പത്തിന് രാവിലെ 5.30ന് മാതാവിന്റെ തിരുസ്വരൂപം കുളിപ്പിച്ച് പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ വെച്ച് നടതുറക്കലിനും ദിവ്യബലിക്കും ശേഷം പള്ളിയങ്കണത്തില്‍ വികാരി റവ ഡോ അലോഷ്യസ് കുളങ്ങര പ്രധാന തിരുനാളിന്റെ കൊടിയേറ്റ് നടത്തും.

തുടര്‍ന്ന് അഭിവന്ദ്യ പിതാവിനും വൈദികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഗ്രോട്ടോയില്‍വെച്ച് ഗജവീരന്മാരുടേും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ രൂപത മെത്രാന്‍ മോസ്റ്റ് റവ ഡോ അലക്സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ സമൂഹബലിയും അതിന് ശേഷം മെഗാഷോയും ഉണ്ടാകും.

പ്രധാന തിരുനാള്‍ ദിനമായ ഫെബ്രുവരി 11ന് രാവിലെ 10.30ന് കോഴിക്കോട് രൂപത മെത്രാന്‍ മോസ്റ്റ് റവ ഡോ വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലി അര്‍പ്പികക്കം. വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍ ജെന്‍സണ്‍ പുത്തന്‍വീട്ടിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് തിരുനാളിന്റെ പ്രധാനവും ആകര്‍ഷകവുമായ പ്രദക്ഷിണമാണ്. ശേഷം വാഴ്വ്. വെരി റവ ഫാ വില്യം രാജന്‍ തിരുനാള്‍ സന്ദേശം നല്‍കും. അതിനുശേഷം തിരുവനന്തപുരം സംഘ കേളിയുടെ മക്കളുടെ ശ്രദ്ധയ്ക്ക് എന്ന സാമൂഹ്യ സംഗീത നാടകം സ്റ്റേജില്‍ അരങ്ങേറും.

ഫെബ്രുവരി 12ന് കൃതജ്ഞത ദിനമായി ആചരിക്കും. വൈകുന്നേരം പരേത സ്മരണാര്‍ത്ഥം സെമിത്തേരി സന്ദര്‍ശനവും പ്രാര്‍ത്ഥനയും നടക്കും. വൈകുന്നേരം 4.30ന് പ്രധാന തിരുനാളിന്റെ കൊടിയിറക്കവും ആഘോഷമായ ദിവ്യബലിയും ഉണ്ടാകും.

ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചുമണിക്ക് മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ഉണ്ടാകും. 18ന് 430ന് 17 ദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷത്തിന് കൊടിയിറങ്ങും. അന്ന് വൈകിട്ട് അഞ്ചുമണിക്ക് സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ മോസ്റ്റ് റവ ഡോ ആന്റണി സാമി പീറ്റര്‍ അബീര്‍ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ സമാപന ദിവ്യബലിയും ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം, നടയടക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ നത്ത് മാത്തന്‍ ഒന്നാം സാക്ഷി എന്ന നാടകവും അരങ്ങേറും.

ഫെബ്രുവരി ഒന്‍പതുവരെ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരേയും പത്ത്, പതിനൊന്ന് തിയ്യതികളില്‍ 11 മണിമുതല്‍ മൂന്ന് വരേയും വൈകുന്നേരം 7.30 മുതല്‍ 11.30വരേയും ഫെബ്രുവരി 12 മുതല്‍ 17വരെ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയും 18ന് 11.30 മുതല്‍ നാലുവരേയും വൈകുന്നേരം 7.30 മുതല്‍ 9.30 വരേയും നേര്‍ച്ച ഭക്ഷണം ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിവസങ്ങളായ 10, 11, 12 തിയ്യതികളില്‍ കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നും പള്ളിക്കുന്നിലേക്ക് കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വിസ് നടത്തുന്നുണ്ട്.

പത്രസമ്മേളനത്തില്‍ വികാരി റവ ഡോ അലോഷ്യസ് കുളങ്ങര, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി കെ എ സെബാസ്റ്റ്യന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോബിന്‍ ജോസ് പാറപ്പുറം, ജോണ്‍ മാസ്റ്റര്‍, ജനീഷ് ജെയിംസ്, സജീവ് ജേക്കബ്, ജോണ്‍ പാലയില്‍, യേശുദാസ് ഊട്ടുപാറ എന്നിവര്‍ പങ്കെടുത്തു.