കൽപറ്റ: മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്നിൽ എസ്. ഡി. പി. ഐ ആണെന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ആരോപണം പിൻവലിച്ചു പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എസ് ഡി. പി. ഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ് ആവശ്യപ്പെട്ടു.
മെക് 7ൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അതിന്റെ സംഘടകർ തന്നെ വിശദീകരണം നൽകിയതാണ്. എന്നിരിക്കേ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് എവിടെനിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് വ്യക്തമാക്കണം. സുൽത്താൻബത്തേരി കോഴക്കേസിലടക്കം ബി.ജെ.പിയുമായി സിപിഎം നടത്തുന്ന ഒത്തു കളികൾ പൊതുസമൂഹത്തിൽ ചർച്ചയാവാതിരിക്കാൻ, സിപിഎം ബോധപൂർവ്വം ഇസ്ലാമോഫോബിയ പ്രചാരണം ഏറ്റെടുക്കുകയാണ്.
രാജ്യത്ത് സാമൂഹിക നന്മ ലക്ഷ്യം വെച്ചു കൊണ്ടുള്ള വ്യായാമ- ആയോധന കലാ കൂട്ടായ്മകൾ ധാരാളമുണ്ട്. ഒരു കൂട്ടായ്മയുമായും എസ്.ഡി.പി.ഐക്ക് ബന്ധമില്ല. മേക് 7 ആരോപണം തെളിയിക്കാനുതകുന്ന വസ്തുതകൾ പുറത്തുവിടാൻ സി.പി.എം നേതൃത്വത്തെ വെല്ലുവിളിക്കുന്നു. സംസ്ഥാന ഭരണത്തിലെ ആർ.എസ്സ്.എസ്സ് സ്വാധീനം പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയാവുകയും രൂക്ഷമായ ഉൾപാർട്ടി പ്രതിസന്ധികൾ നേരിടുകയും ചെയ്യുന്ന സി.പി.എം ജനശ്രദ്ധ തിരിച്ചുവിടാൻ ധ്രുവീകരണ രാഷ്ട്രീയം കളിക്കുകയാണ്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന പ്രവൃത്തികൾ സി.പി.എം അവസാനിപ്പിക്കണം.
ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ഇത്തരം പ്രസ്താവനകൾ യോജിച്ചതല്ലെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ്റെ പ്രസ്താവനയും തിരുത്തും മാതൃകയായി സ്വീകരിച്ച് പ്രസ്താവന തിരുത്തി അദ്ദേഹം മാപ്പു പറയണമെന്നും എ യൂസഫ് ആവശ്യപ്പെട്ടു.