ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എം ബി ബി സ് ബിരുദ ദാനം ഡിസംബര്‍ 17ന്

Wayanad

മേപ്പാടി: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ അസാദ് മൂപ്പന്‍ ചെയര്‍മാനായ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ 2017ല്‍ അഡ്മിഷന്‍ നേടി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 215 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാനം ഡിസംബര്‍ 17ന് രാവിലെ 8.30ന് കോളേജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡോ ആസാദ് മൂപ്പന്റെ അധ്യക്ഷതയില്‍ ബിരുദ ദാനം പാര്‍ലമെന്റ് മെമ്പര്‍ ശശി തരൂര്‍ നിര്‍വഹിക്കും. കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ ജയകുമാര്‍, ആരോഗ്യ സര്‍വ്വകലാശാല ഡീന്‍ സ്റ്റുഡന്റസ് അഫയര്‍ ഡോ. ഇക്ബാല്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഐ എ എസ്, എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, മറ്റു ട്രസ്റ്റ് അംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുപോകുന്ന ബാച്ചുകളുടെ എണ്ണം ഇതോടെ 5 ആകും. വയനാട് ജില്ലയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജായ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചത് 2013ല്‍ ആയിരുന്നു. പഠന പഠനേതര വിഷയങ്ങളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംസ്ഥാന തലത്തില്‍ മുന്‍പന്തിയിലെത്തുവാന്‍ കോളേജിനു കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും കേരളാ ആരോഗ്യ സര്‍വ്വകലാ ശാലയുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോളേജ് വടക്കന്‍ കേരളത്തിലെ ആദ്യത്തെ എന്‍ എ ബി എച് അംഗീകാരം ലഭിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജ് ആണ്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഏക മെഡിക്കല്‍ കോളേജായ ഇവിടെ എം ബി ബി എസ് കൂടാതെ മെഡിക്കല്‍ ബിരുദാനന്തര കോഴ്‌സുകളും, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ് എന്നിവയും മറ്റു പാരാ മെഡിക്കല്‍ കോഴ്‌സുകളും നടന്നു വരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ക്യാമ്പസില്‍ ഉണ്ട്. കൂടാതെ മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചികിത്സാ രംഗത്ത് പുത്തനുണര്‍വുകള്‍ വരുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും വിധം റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ രണ്ടാമത്തെ ട്രയല്‍റണ്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്ത, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ അനീഷ് ബഷീര്‍ എന്നിവരും ബിരുദം സ്വീകരിക്കുന്നവരുടെ പ്രതിനിധികളായി ഡോ. ലബീബ് ബഷീര്‍, ഡോ അലീഷ കെന്നഡി എന്നിവരും പങ്കെടുത്തു.