വിവാഹ രഹിത ജീവിതം മാനവികത തകർക്കും: ഐ.ജി.എം

Kannur

കണ്ണൂർ: മൃഗങ്ങളിൽ നിന്നും പറവകളിൽ നിന്നും മറ്റു ജീവിവർഗങ്ങളിൽ നിന്നും മനുഷ്യനെ വേർതിരിക്കുന്ന പ്രധാന ഘടകം വിവാഹ കുടുംബ ജീവിതമാണെന്നും മനുഷ്യ നാഗരികതയുടെ സുഗമമായ നിലനിൽപ്പിന് വിവാഹ ബന്ധത്തിലൂടെയുള്ള കുടുംബ ജീവിതം അനിവാര്യമാണെന്നും ഐ ജി എം (ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് ) കണ്ണൂർ ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു.

സന്താനലബ്ധിക്ക് വിവാഹം വേണ്ടെന്നും വിവാഹരഹിത ജീവിതത്തിൽ സന്താനലബ്ധി നേടിയാൽ മതിയെന്ന അരാജകത്വത്തിലേക്ക് വിദ്യാർത്ഥിനികളെയും യുവതികളെയും വഴിതിരിച്ചുവിടുന്ന സംഘങ്ങളെയും സംഘടനകളെയും തിരിച്ചറിയണമെന്നും അല്ലെങ്കിൽ സമൂഹം വലിയ കഷ്ടനഷ്ടങ്ങൾക്ക് വിധേയമാകുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി.
അരനൂറ്റാണ്ടു മുമ്പ് പാശ്ചാത്യ നാടുകളിൽ പരീക്ഷിച്ച് ശിഥിലമായ ചിന്താഗതിയാണ് വിവാഹരഹിത ബന്ധങ്ങൾ. ഇപ്പോൾ അതിൻ്റെ കെടുതികൾ അത്തരക്കാർ അനുഭവിച്ചുക്കൊണ്ടിരിക്കയുമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.

തായത്തെരു റോഡ് സലഫി ദഅവ സെൻ്ററിൽ ചേർന്ന ജില്ലാ കൗൺസിൽ എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ് ) സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ റുക്സാന വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫൂറ തിരുവണ്ണൂർ,കെ.എൻ.എം മർകസുദ്ദഅവ പ്രതിനിധി അശ്രഫ് മമ്പറം, ഷെറിൻ ഷാന, ഷാലിമ മുജീബ്, മുഹ്സിന ഇരിക്കൂർ, കെ.പി ഹസീന, മറിയം അൻവാരിയ്യ, റുസീന ചക്കരക്കൽ പ്രസംഗിച്ചു.

അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ കൗൺസിൽ തെരഞ്ഞെടുത്തു. ഷെറിൻ ഷാന (പ്രസി) സുഹാന ഉമർ, സി.സി മുഹ്സിന ,പി .വി ആലിയ (വൈസ് പ്രസി) ഷാലിമ മുജീബ് (സെക്രട്ടറി) ഖദീജ ഉമർ, ജയ്യിദ ജഷ്ന, ഹന ഹബീബ, ഫിസ ഫിറോസ്, സിയ അബ്ദുൽ ജബ്ബാർ (ജോ. സെക്ര) ഫിദ ഫാത്തിമ (ട്രഷറർ)