സുല്‍ത്താന്‍ ബത്തേരി: പരിസ്ഥി പ്രവർത്തകയും പ്രശസ്ത കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ ഓർമ്മക്കായി വയനാട് പ്രകൃതിസംരക്ഷണസമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജിയും വർഷം തോറും നൽകി വരാറുള്ള സുഗതകുമാരി പുരസ്കാരത്തിന്ന് ചെറുമാട് ഗവ: എൽ.പി.സ്കൂൾ അർഹമായി. വയനാട് ജില്ലയിലെ മികച്ച പ്രകൃതി സൌഹൃദ വിദ്യാലയത്തിന്നാണ് അവാർഡ്.
സ്കൂൾ പരിസരവും അങ്കണവും ജൈവവൈവിധ്യത്തോടെ പരിപാലിക്കയും പാറകളിൽ കൊത്തു ചിത്രങ്ങളുണ്ടാക്കി സംരക്ഷിക്കുകയും ഹരിതവൽക്കരിക്കുകയും കുട്ടികളിൽ പ്രകൃതി സംരക്ഷണ ബോധവും അഭിരുചിയും ഉള്ളവരാക്കി തീർക്കുന്നതിൽ അസാമാന്യമായ മികവു കാണിക്കുകയു ചെയ്തതിനുള്ള അംഗീകാരമായാണ് ചെറുമാട് സ്കൂളിനെ തെരഞ്ഞെടുത്തത്. ക്യാഷ് അവാർഡും മെമൻ്റോയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം സ്ക്കൂൾ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ വച്ച് ജനുവരി മാസം ആദ്യവാരം കേരള ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ എൻ. അനിൽകുമാർ സമർപ്പിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ. ബാദുഷ, സെക്രട്ടറി തോമസ്സ് അമ്പലവയൽ, ട്രഷറര്‍ ബാബു മൈലമ്പാടി എന്നിവര്‍ അറിയിച്ചു.