ബി ഡി ജെ എസ് എൻ ഡി എ മുന്നണി വിട്ടേക്കും; യു ഡി എഫിനൊപ്പം ചേരണമെന്ന് നേതാക്കൾ

Alappuzha

സഖ്യകക്ഷികളെ ശക്തിപ്പെടുത്തിയും കൂടെ നിർത്തിയും മുന്നണി വികസിപ്പിക്കാൻ NDA. സോഷ്യലിസ്റ്റ് കക്ഷിയായ RLM ശ്രദ്ധാ കേന്ദ്രമാകുന്നു’

ആലപ്പുഴ: . എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് കടുത്ത അവ​ഗണന നേരിടുന്നു എന്ന വികാരം പാർട്ടി നേതാക്കൾക്കിടയിൽ ശക്തമായതോടെ ബിജെപി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിൽ ചേരാൻ ഒരുങ്ങി ബിഡിജെഎസ്. എസ്എൻ ഡി പി യുടെ പിന്തുണയുള്ള ബിഡിജെഎസ് ഈഴവാഭിമുഖ്യമുള്ള പാർട്ടിയാണ്.

പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും മുന്നണിയിൽ അർഹമായ പരി​ഗണന ലഭിക്കുന്നില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു. പാർട്ടിക്കുള്ള ജനസ്വാധീനം അം​ഗീകരിക്കാൻ ബിജെപി തയ്യാറാകുന്നില്ലെന്നും ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിൽ ബിഡിജെഎസിനുള്ള ജനപിന്തുണ ഫലപ്രദമായി വിനിയോ​ഗിക്കാനാകുന്നില്ല എന്നുമാണ് ഒരുവിഭാ​ഗം പ്രവർത്തകരുടെ ആരോപണം.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ സഖ്യം അവസാനിപ്പിച്ച് യുഡിഎഫിൽ ചേരണം എന്ന വികാരം ബിഡിജെഎസിൽ ശക്തമാണ്. ബിഡിജെഎസ് മുന്നണി വിട്ടാൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ തിരിച്ചടി മറി കടക്കാൻ മറുതന്ത്രം മെനയുന്ന തിരക്കിലാണ് ബി ജെ പി നേതൃത്വം.

ഈ സാഹചര്യത്തിലാണ് ഉപേന്ദ്ര കുശ്വാഹ നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് മോർച്ച എന്ന സോഷ്യലിസ്റ്റ് പാർട്ടിക്കു കേരളത്തിൽ പ്രസക്തി വർദ്ധിക്കുന്നത്. സംസ്ഥാനത്ത് സാവധാനം വേരുറപ്പിക്കുന്ന കേരളത്തിലെ ആർ എൽഎം ജനതാ പാരമ്പര്യമുള്ള സോഷ്യലിസ്ററുകളേയും ബിജെപിയോടു ചേർന്നു നിൽക്കാനാഗ്രഹിക്കുന്ന മതേതര കാഴ്ചപ്പാടുള്ളവരേയും ന്യൂനപക്ഷ ദളിത് വിശ്വകർമ്മ പിന്നോക്ക വിഭാഗങ്ങളേയുമാണ് ചേർത്തു നിർത്താൻ ശ്രമിക്കുന്നത്.

ബിഡിജെഎസ് സഖ്യം വിട്ടാൽ എൻഡിഎയിൽ മുഖ്യസഖ്യകക്ഷിയാകാൻ പോകുന്നത് ആർഎൽഎം ആയിരിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ബിഡിജെഎസ് കൂടി യുഡിഎഫിൽ ചേർന്നാൽ ഒരേസമയം യുഡിഎഫിനും പാർട്ടിക്കും ​ഗുണകരമാണെന്നുമാണ് ബിഡിജെഎസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളും ബിഡിജെസ് നേതൃത്വവും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുഷാർ വെളളാപ്പള്ളിയുടെ അസാന്നിധ്യത്തിൽ ചേർന്ന ബി.ഡി.ജെ.എസ്. യോ​ഗത്തിൽ മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നു എന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികൾക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബിഡിജെഎസ് പറയുന്നത്. എന്നാൽ, ആ പരിഗണന ബിജെപിയിൽനിന്ന് പാർട്ടിക്കു കിട്ടുന്നില്ലെന്നാണ് ആക്ഷേപം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ്. പ്രത്യേക സഹായമൊന്നും മുന്നണിസ്ഥാനാർഥിക്കു ചെയ്തില്ലെന്നും അതിനാലാണ് സി.പി.എമ്മിന് വോട്ടുകുറയാതിരുന്നതെന്നുമാണ് ബിഡിജെഎസ് നേതാക്കളുടെ വാദം.

എൻഡിഎ എന്നു പറയുന്നത് സങ്കല്പം മാത്രമായി, നേതൃയോഗം പോലും നടക്കുന്നില്ല, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുവർഷംപോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തിൽ മുന്നൊരുക്കമൊന്നും നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബിഡിജെഎസ് നേതാക്കൾ ഉന്നയിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾക്കു മേൽക്കൈയുള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനകൾ നടക്കുന്നുണ്ട്. മറ്റു പാർട്ടികളിൽനിന്ന് ബിഡിജെഎസിലെത്തുന്നവർ ക്രമേണ ബിജെപിക്കാരായി മാറുകയാണെന്നും പാർട്ടിക്കു വളർച്ചയില്ലാത്തത് എൻഡിഎയിൽ നിൽക്കുന്നതു കൊണ്ടാണെന്നുമാണ് പാർട്ടിയിലെ ചർച്ചകൾ.

എന്നാൽ, മുന്നണിമാറ്റത്തിന്റെ പ്രധാന തടസ്സം തുഷാർ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാൽ തന്നെ മുന്നണിമാറ്റത്തെ തുഷാർ അംഗീകരിക്കാൻ സാധ്യത കുറവാണ്.