പനമരം: സ്കൂളുകളിലും കാമ്പസുകളിലും സാംസ്കാരിക അരാജകത്വം വർധിച്ചു വരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതിയിൽ മൂല്യങ്ങൾക്കും ധാർമ്മികതക്കും പ്രാധാന്യം നൽകണമെന്ന് എം.എസ്.എം. ഹൈസെക് അഭിപ്രായപ്പെട്ടു.
സാമൂഹിക രംഗത്ത് വർധിച്ചുവരുന്ന സാംസ്കാരിക ജീർണ്ണതകൾ കാമ്പസിലും കടന്നു വരികയാണ്. വിദ്യാർത്ഥികളിൽ മൂല്യബോധം ഇല്ലാതെ പോയാൽ അത് ഭാവിയിൽ കുടുംബത്തെയും സമൂഹത്തെയും ബാധിക്കും. സാംസ്കാരിക അരാജകത്വം വ്യാപകമാവുന്നത് നാടിൻ്റെ സുസ്ഥിരതയെയും സമാധാന ജീവിതത്തെയും ബാധിക്കും. അതിനാൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടാൻ കുട്ടികളെ പ്രാപ്തമാക്കണമെന്നും എം.എസ്.എം. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പനമരം ഫിറ്റ്കാസ ടർഫിൽ നടത്തിയ ‘ഹൈസെക്’ ഹയർ സെക്കൻഡറി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
എം. എസ്.എം. ജില്ലാ പ്രസിഡണ്ട് സാബിത് കല്ലൂർ അധ്യക്ഷത വഹിച്ചു. പോക്കർ ഫാറൂഖി,സി.കെ. ഉമ്മർ, സയ്യിദ് അലി സ്വലാഹി, കെ. പി. യൂസുഫ് ഹാജി, അബ്ദുറഹിമാൻ സുല്ലമി, ജംഷിദ് മേപ്പാടി, റഹ്‌മത്ത് പിണങ്ങോട് എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിൽ അയ്യൂബ്ഖാൻ റിപ്പൺ, ജലീൽ മാമാങ്കര, രംഗീഷ് കടവത്ത്, അസീം തെന്നല, അബ്ദുൽ മുഹ്സിൻ, വാജിദ് അൻസാരി, ഹുസൈൻ മൗലവി നേതൃത്വം നൽകി.
ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നും അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.