മുട്ടിൽ പഞ്ചായത്തിലെ എടപ്പെട്ടി എസ്റ്റേറ്റിൽ കുന്നിടിച്ച് അനധികൃത മണ്ണ് ഖനനം

Wayanad

മുട്ടിൽ: നോർത്ത് വില്ലേജിലെ എടപ്പെട്ടി എസ്റ്റേറ്റിൽ ദേശീയപാത 766സമീപം ചെങ്കുത്തായ കുന്നിടിച്ച് നിയമവിരുദ്ധമായ മൺ ഖനനം. നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ പരാതിയെ തുടർന്ന് വില്ലേജ് അധികാരികൾ സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും അധികൃതരുടെയും പഞ്ചായത്ത് അധികാരികളുടെയും ഒത്താശയോടെ സ്റ്റോപ്പ് മെമ്മോ ദുർബലപ്പെടുത്തി ഖനനം നടത്താനുള്ള ശ്രമം നടന്നുവരികയാണ്. പരാതി നൽകിയിട്ടും ഖനനം തുടരാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ സംഘടിച്ച് തടഞ്ഞതിനെ തുടർന്നാണ് പോലീസ് ഇടപെട്ട് ഖനനം നിർത്തിവെപ്പിച്ചത്.

ഖനനത്തിന് ഉപയോഗിച്ച യന്ത്രങ്ങൾ അടക്കമുള്ള ഉപകരണങ്ങൾ സ്ഥലത്തു തന്നെ നിർത്തി ഇട്ടിരിക്കുകയാണ്. ഇവ പോലീസ് കസ്റ്റഡിയിലെടുക്കാൻ തയ്യാറായിട്ടുമില്ല.
150 ഏക്കറോളം വിസ്തൃതി വരുന്ന എടപ്പെട്ടി എസ്റ്റേറ്റ് കോഫി പ്ലാന്റേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. നിയമവിരുദ്ധമായി തോട്ടത്തിലെ മരങ്ങളെല്ലാം പത്തുവർഷം മുമ്പ് മുറിച്ചു മാറ്റുകയും പിന്നീട് കാപ്പി ചെടികൾ പിഴുതു മാറ്റി തരിശായി മാറ്റിക്കൊണ്ടിരിക്കുകയുമാണ്.

പ്ലാന്റേഷൻ ഭൂമി തരം മാറ്റുന്നതിനും തുണ്ടം തുണ്ടമാക്കി മാറ്റുന്നതിനും നിയമാനുസരണം നിരോധനം ഉണ്ട്. എന്നാൽ തുണ്ടം തുണ്ടമായി പല ആളുകൾക്കും വ്യാജ രേഖകൾ ചമച്ച് സ്ഥലം നൽകുകയും എല്ലാ ഭാഗങ്ങളും മുറിച്ചു വേലിയിട്ട് തിരിക്കുകയും ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളിലും പഞ്ചായത്ത് അധികാരികളുടെയും ഒത്താശയോടെ അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും ആയതിനൊക്കെ പഞ്ചായത്ത് നമ്പർ നൽകുകയും വിവിധ സ്ഥാപനങ്ങൾ അതിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. തുടർന്നും ബാക്കി സ്ഥലങ്ങളും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്ന രീതിയിൽ മണ്ണടിച്ചു നിരപ്പാക്കുന്നതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

തോട്ടങ്ങളുടെ 5% മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കോടതി ഉത്തരവിന്റെ ബലത്തിൽ അധികാരികളുടെ ഒത്താശയോടെയാണ് സ്ഥലം മുറിച്ചു വിൽപ്പന നടത്തുന്നതും മണ്ണെടുക്കുന്നതും കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നത്.

ഇപ്പോൾ മണ്ണെടുത്തുകൊണ്ടിരി ക്കുന്നത് ഏതാണ്ട് 700 മീറ്റർ ഉയരമുള്ള ചെങ്കുത്തായ മലയുടെ താഴ് വാരത്താണ് നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ പ്രദേശം. ദേശീയപാത 766 നെ ബാധിക്കുന്ന രീതിയിലാണ് മണ്ണെടുത്തുകൊണ്ടിരിക്കുന്നത്. ചുറ്റുഭാഗവും മണ്ണെടുക്കുന്നതിനെ തുടർന്ന് റോഡരികിലുള്ള മരങ്ങളും ഏതു സമയവും കടപുഴകി വീഴാവുന്ന തരത്തിൽ അപകടാവസ്ഥയിലാണ്.

ഇനിയും മണ്ണെടുക്കൽ തുടർന്നാൽ വർഷകാലത്ത് മലയിടിഞ്ഞ് വൻ ദുരന്തം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളും യാത്രക്കാരും ഭയവിഹ്വലരാണ്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പ്, മണ്ണ് മാഫിയകളുടെയും റിയൽ എസ്റ്റേറ്റ് കാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ടിന്റെ ഭാഗമാണ് . പ്രശ്നത്തിൽ ഉടനടി ഇടപെട്ട് മലയിടിച്ചിൽ നിർത്തിവെക്കണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. പ്രസ്തുത വിഷയം പരിഹരിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിന് തീരുമാനിച്ചു. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, പ്രതിപക്ഷ നേതാവ് , ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സ്റ്റേറ്റ് ദുരന്തനിവാരണ അതോറിറ്റി, ജില്ലയിലെ അധികാരികൾ എന്നിവർക്ക് പരാതി നൽകി.

യോഗത്തിൽ കെ. ശശികുമാർ, കെ.പി. രാജൻ, സുരേഷ്, എൻ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.