തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജീവനാഡിയായ സഹകരണമേഖലയുടെ ശാക്തീകരണത്തിന് കൂടുതൽ പ്രൊഫഷണലിസം അനിവാര്യമാണെന്ന് മേഖലയിലെ വിദഗ്ധർ. ജീവനക്കാർക്ക് നൈപുണ്യപരിശീലനം നിരന്തരമായി നൽകുകയും നൂതന ആപ്ലിക്കേഷനുകളുടെ ഉപയോഗം വർദ്ധിപ്പിക്കുകയും ഇടപാടുകാരോടുള്ള പെരുമാറ്റം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്താൽ വലിയ മാറ്റം കൊണ്ടുവരാനാകുമെന്നും നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സഹകരണമേഖലയും പ്രൊഫഷണലിസവുമെന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ അഭിപ്രായം ഉയർന്നു.
സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിന് സമഗ്ര പരിശീലന നയം രൂപപ്പെടുത്തണമെന്ന് കിക്മ ഡയറക്ടർ ഡോ രാജേഷ് എസ് പൈങ്ങാവിൽ പറഞ്ഞു. ഇടപാടുകാരുമായുള്ള ബന്ധം, അക്കൗണ്ടിംഗ്, ഫിനാൻസ്, നിയമവശം തുടങ്ങിയവയിലുള്ള പരിശീലനം അത്യാവശ്യമാണ്. മേഖലയിൽ കടന്നുവരുന്നവർക്ക് കൃത്യമായ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നതിലൂടേയും ഉന്നതാധികാര സമിതിയെ നിയോഗിക്കുന്നതിലൂടേയും പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിലൂടേയും പ്രൊഫഷണലിസത്തിന്റെ ആദ്യ ചവിട്ടുപടിയിലേക്കെത്താനാകുന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹകരണമേഖലയുടെ മൂല്യങ്ങളേയും ദർശനങ്ങളേയും കാഴ്ചപ്പാടുകളേയും കുറിച്ച് ഉൾക്കാഴ്ചയുള്ളവരെ ഭരണസമിതിയിൽ ഉൾപ്പെടുത്തണമെന്ന് അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി രാജേന്ദ്രകുമാർ അഭിപ്രായപ്പെട്ടു. ഇടപാടുകാർക്ക് പ്രാധാന്യം നൽകുന്ന സമീപനം കാതലായ മാറ്റത്തിനടിസ്ഥാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ നിയമങ്ങളും ചട്ടങ്ങളും മേഖലയെ സംരക്ഷിച്ച് സുസ്ഥിരതയിലെത്തിക്കാനുള്ളതാണെന്ന് കാർഷിക സർവകലാശാല
രജിസ്ട്രാർ ഡോ ഇ ജി രഞ്ജിത് കുമാർ പറഞ്ഞു. അത് ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളേണ്ടതുണ്ട്. ഓഡിറ്റ് മാനുവൽ കാലാനുസൃതമായി പുതുക്കണം. മാറ്റങ്ങൾക്ക് വിധേയപ്പെട്ടില്ലെങ്കിൽ പൊതുസ്വീകാര്യത ലഭിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹമാധ്യമ പേജുകളിലൊതുങ്ങാതെ ഡാറ്റാ മാനേജ്മെന്റിനായി സമഗ്രമായ രീതിയിൽ ഐടി ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തിയാൽ കൂടുതൽ കാര്യക്ഷത സാധ്യമാകുമെന്നും ഐടി ഓഡിറ്റ് നടത്തണമെന്നും കിക്മ അസോസിയേറ്റ് പ്രൊഫസർ ഡോ രാജേഷ് കുമാർ എസ് ചൂണ്ടിക്കാട്ടി.
മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശോധന ഓൺലൈനാക്കിയതായി ചർച്ചയിൽ മോഡറേറ്ററായിരുന്ന സഹകരണ രജിസ്ട്രാർ ഡോ ഡി സജിത് ബാബു അറിയിച്ചു. കൃത്യത ഉറപ്പുവരുത്താൻ ഡബിൾ എൻട്രി സിസ്റ്റം നടപ്പാക്കുന്നുണ്ട്. പുതിയ ഓഡിറ്റ് മാന്വൽ ഓൺലൈനാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഏപ്രിലിൽ നടക്കുന്ന സഹകരണ കോൺക്ലേവിന് ചർച്ച ദിശാസൂചിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.