സൗദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ അവ്വാദ് ബിൻ സബ്തി അൽ അനസി പങ്കെടുക്കും:
കോഴിക്കോട്: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിലുള്ള ജാമിഅ അൽ ഹിന്ദ് സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനം 2025 ജനുവരി 12, 13 തിയ്യതികളിലായി പാണക്കാട് വനിതാ ക്യാംപസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എസ്,എസ്,എൽ,സി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് 5 വർഷത്തെ മതപഠനത്തോടൊപ്പം, +2 ഡിഗ്രി ഉൾപ്പെടെയുള്ള സൗജന്യ കോഴ്സുകളുടെ പഠനമാണ് ജാമിഅയിൽ നടക്കുന്നത്.
4 വേദികളിലായി 15 സെഷനുകളിലായാണ് വാർഷിക സമ്മേളനം നടക്കുന്നത്.
ഉദ്ഘാടന സമ്മേളനം, പൂർവ്വ വിദ്യാർഥി സംഗമം, സ്റ്റുഡൻ്റ്സ് മീറ്റ്, അറബിക് വിദ്യാർഥി പ്രതിനിധി സംഗമം, ഗേൾസ് മീറ്റ്, ലീഡേഴ്സ് മീറ്റ്, സീനിയർ സിറ്റിസൺസ് സംഗമം, അൽ മഹാറ സമ്മാനവിതരണം, പ്രതിഭാ സംഗമം, ക്വുർആൻ എക്സിബിഷൻ, പാരൻ്റിംഗ് സെഷൻ, പൊതുസമ്മേളനം എന്നീ സെഷനുകളിലായാണ് വാർഷിക സമ്മേളനം നടക്കുക.
സൗദി അറേബ്യ എമ്പസിയുമായി സഹകരിച്ച് ക്യാംപസ് വിദ്യാർഥികൾക്കായി ജാമിഅ അൽ ഹിന്ദ് സംഘടിപ്പിച്ച വൈജ്ഞാനിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള സമ്മാനങ്ങളും വാർഷിക സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.
സ്കൂൾ ഓഫ് ക്വുർആൻ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അൽ ഇത്ഖാൻ ൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
സൗദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ അവ്വാദ് ബിൻ സബ്തി അൽ അനസി, ഇന്ത്യയിലെ സൗദി അറേബ്യ എമ്പസി അറ്റാഷെ ശൈഖ് ബദൽ നാസിർ അൽ അനസി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ,എ എ റഹീം എം പി, ജാമിഅ സലഫിയ്യ ബനാറസ് ഡയറക്ടർ അബ്ദുല്ല സഊദ്, ദിൽ മുഹമ്മദ് സലഫി, എന്നിവർ അതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.