ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ സഭയറിയാതെ വെള്ളക്കരം വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കുന്നത് നിയമസഭയുടെ പ്രിവിലേജ് ലംഘനവും അവഹേളനവും: അനുചാക്കോ

Kerala

തിരുവനന്തപുരം: ബജറ്റ് സമ്മേളനം നടക്കുന്നതിനിടയില്‍ ബജറ്റ് അവതരിപ്പിച്ച വെള്ളിയാഴ്ച തന്നെ വെള്ളക്കരം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സഭ അറിയാതെ പ്രാബല്യത്തില്‍ വരുത്തിയ നടപടി നിയമസഭയുടെ പ്രിവിലേജ് ലംഘനവും സഭയോടുള്ള അവഹേളനവുമാണെന്ന് ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷ അനു ചാക്കോ ആരോപിച്ചു.

സംസ്ഥാനത്ത് ഇനി വെള്ളവും പൊള്ളും എന്ന സ്ഥിതിയായിരിക്കുകയാണ്. നിയമസഭയെ അറിയിക്കാതെ വെള്ളക്കരം വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇത് ചട്ട വിരുദ്ധമാണ്.

ഇത് ബജറ്റില്‍ പറയേണ്ട കാര്യമായിരുന്നു. അതു ചെയ്യാതെ ബജറ്റിന്‍മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ നിയമസഭയെ അറിയിക്കാതെ പിന്‍വാതിലിലൂടെ ഇത്തരം നിരക്കു വര്‍ദ്ധനകള്‍ നടപ്പിലാക്കുന്നത് ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പ്രിവിലേജ് ലംഘനമാണ്. സംസ്ഥാനത്തിന്റെ നിയമസഭാ ചരിത്രത്തില്‍ കീഴ് വഴക്കങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. നിയമസഭാ പ്രിവിലേജ് കമ്മറ്റി ഈ വിഷയം സ്വമേധയാ പരിഗണിക്കണമെന്ന് അനു ചാക്കോ ആവിശ്യപ്പെട്ടു.

ലിറ്ററിന് ഒരു പൈസയുടെ അധിക വര്‍ദ്ധനവേ ഏര്‍പ്പെടുത്തിയിട്ടുള്ളു എന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. കേള്‍ക്കുമ്പോള്‍ ആര്‍ക്കും അതത്ര ഗൗരവമായി തോന്നില്ല. എന്നാല്‍ ഇതു മൂലം ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇനി ആയിരം ലീറ്ററിന് പത്ത് രൂപ അധികം നല്‍കണം. ഒരു ചെറിയ കുടുംബം പ്രതിദിനം ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറു ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുകയെന്ന് അനുചാക്കോ ചൂണ്ടിക്കാട്ടി.

പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഇത്തരം ഒരു കുടുംബം മാസം തോറും ശരാശരി 300 മുതല്‍ 450 രൂപ വരെ കൂടുതലായി നല്‍കേണ്ടി വരും. സംസ്ഥാനത്ത് 27 ലക്ഷം പൈപ്പ്‌ലൈന്‍ കണക്ഷനുകളാണുള്ളത്. ഇതില്‍ 22 ലക്ഷവും ഗാര്‍ഹിക ഉപഭോക്താക്കളാണ്. വെള്ളക്കരം കൂട്ടുന്നതിലൂടെ പ്രതിമാസം ജനങ്ങളില്‍ നിന്നും 350 കോടി രൂപ അധികമായി പിരിച്ചെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു കുത്തിപ്പിരിവും തീവെട്ടിക്കൊള്ളയുമാണ്.

ജലഅതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് വിലവര്‍ദ്ധനവിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വാട്ടര്‍ അഥോരിറ്റി എന്ന വെള്ളാനയുടെ നഷ്ടം നികത്താന്‍ ചാര്‍ജു വര്‍ദ്ധിപ്പിക്കുകയല്ല കെടുകാര്യസ്ഥത ഇല്ലാതാക്കുകയും ധൂര്‍ത്തും അധികച്ചിലവും നിയന്ത്രിക്കുകയുമാണ് വേണ്ടതെന്ന് അനുചാക്കോ ചൂണ്ടിക്കാട്ടി.

വെള്ളക്കരത്തിനു പുറമേ ബസ് ചാര്‍ജും ഇലക്ട്രിസിറ്റി ചാര്‍ജും ബജറ്റിനു തൊട്ടു മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു ഇടതുപക്ഷ സര്‍ക്കാരിനു യോജിച്ച നിലപാടാണോ ഇതെന്ന് ഇജങ, ഇജക പോലുള്ള ഇടതുകക്ഷികള്‍ ആലോചിക്കണം.

ബജറ്റില്‍ പറയേണ്ട നികുതി വര്‍ദ്ധന ബജറ്റ് അവതരിപ്പിക്കുന്നതിനു തലേയാഴ്ച്ച പ്രഖ്യാപിക്കുന്നതും ബജറ്റ് അവതരണ ദിവസം സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബജറ്റില്‍ പരാമര്‍ശിക്കാതെ നിരക്കു വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തുന്നതും നിയമസഭാ ബജറ്റ് എന്ന ജനാധിപത്യ സങ്കല്‍പ്പത്തോടുള്ള അവഹേളനമാണെന്ന് അനു ചാക്കോ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *