അതിജീവനത്തിന്‍റെ പുതുഗാഥ രചിച്ച് ചേനോത്ത് ഗവ: സ്ക്കൂൾ; കെട്ടിടോദ്ഘാടനം 25ന്

Kozhikode

കുന്ദമംഗലം :എൻ. ഐ.ടി ക്ക് സമീപം ചേനോത്ത് ഗവ: എൽ.പി സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജനുവരി 25 ന് (ശനി) നടക്കും . അഡ്വ: പി.ടി.എ. റഹീം എം. എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളും ടോയ്ലറ്റ് ബ്ലോക്കും ഐ ടി ലാബ് , ലൈബ്രറി എന്നിവയുമുണ്ട്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിൽ നിർമ്മാണവും മുറ്റം ഇൻ്റർലോക്ക് പ്രവൃത്തിയും ഗെയ്റ്റ് സ്ഥാപിക്കലും പൂർത്തിയാക്കിയിട്ടുണ്ട്. ക്ലാസ് മുറികളും ചുറ്റുമതിലും ചിത്രകലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ ചിത്രങ്ങൾ വരച്ച് ശിശു സൗഹൃദമാക്കിയിട്ടുണ്ട്.

1954 ൽ കോഴിമണ്ണയിൽ സ്ഥാപിതമായ സ്ക്കൂൾ പിന്നീട് ചേനോത്തേക്ക് മാറ്റുകയായിരുന്നു. പരിമിതികൾ ഏറെയുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 4 ക്ലാസുകളും ഒറ്റ ഹാളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് നൂറിലധികം കുട്ടികൾ പഠിച്ചിരുന്ന ഈ കലാലയത്തിൽ പല കാരണങ്ങളാൽ കുട്ടികളുടെ എണ്ണം 10 ൽ താഴെ എത്തി . 2022 ൽ പുതുതായെത്തിയ പ്രധാനധ്യാപകൻ്റെ നേതൃത്വത്തിൽ അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ജനകീയ സ്കൂൾ വികസന സമിതിയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയും രൂപീകരിച്ചു. എൻ. ഐ. ടി ഉന്നത് ഭാരത് അഭിയാൻ പദ്ധതിയിൽ വിദ്യാലയം വൈവിധ്യമാർന്ന അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു. രക്ഷാകർതൃ ശാക്തീകരണത്തിനായി നിരവധി ക്യാമ്പുകളും പരിശീലനങ്ങളും സംഘടിപ്പിച്ചു .പുതുതായി പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും ഗൃഹ സമ്പർക്ക പരിപാടികളിലൂടെ | കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാൻ തീവ്ര യത്നം നടത്തി. സാമൂഹിക പങ്കാളിത്തത്തോടെ പൊതുവിദ്യാലയ ശാക്തീകരണം എന്ന ആശയം ഫലപ്രദമായി നടപ്പാക്കിയതിന് ബെസ്റ്റ് ഇന്നവേറ്റീവ് സ്ക്കൂൾ പുരസ്ക്കാരം , ബെസ്റ്റ് പി.ടി. എ അവാർഡ് എന്നിവ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാർഡ് നിർണ്ണയത്തിൽ കോഴിക്കോട് ജില്ലയിൽ നിന്നും പ്രൈമറി വിഭാഗത്തിൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്നു അഭിമുഖത്തിന് അവസരം ലഭിച്ചത് . കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് വിദ്യാലയം നടപ്പാക്കിയ ട്യൂബർ ബാങ്ക് പ്രൊജക്ട് ദേശീയ ശ്രദ്ധ നേടിയിരുന്നു.

സ്ക്കൂൾ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന വായനോൽസവം , വർണ്ണോസവം , അറിവുൽസവം എന്നിവ ഏറെ ആവേശത്തോടെയാണ് നാട്ടുകാർ ഏറ്റടുത്തത്.

കെട്ടിടോദ്ഘാടനം ജനുവരി 25 ന് വൈകു . 4 മണിക്ക് അഡ്വ: പി ടി എ റഹീം MLA നിർവഹിക്കും . ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ അധ്യക്ഷത വഹിക്കും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യാതിഥിയാകും . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് , ബി.പി സി ജോസഫ് തോമസ് , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ: വി. പി. എ സിദ്ധീഖ് , ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ടി അബ്ദുറഹിമാൻ , സബിത സുരേഷ് , മുൻ എ. ഇ. ഒ കെ.ജെ പോൾ , സാമൂഹിക സംഘടന പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. രാവിലെ 9.30 ന് പൂർവ വിദ്യാർത്ഥി സംഗമം നടക്കും.സർഗം – 25 വാർഷികത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കലാവിരുന്ന് അരങ്ങേറും. കാവ്യ പൂർവ്വം ഷൈജ ടീച്ചർ വിദ്യാർത്ഥികളുമായി സംവദിക്കും . വിഷൻ – 2030 അക്കാദമിക പ്രൊജക്ട് തയ്യാറാക്കി വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള കർമപദ്ധതികൾ സ്ക്കൂൾ റിസോഴ്സ് ഗ്രൂപ്പും വിദ്യാലയ വികസന സമിതിയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയും ചേർന്ന് ആസൂത്രണം ചെയ്ത് വരുന്നു.

അടച്ചുപൂട്ടലിൻ്റെ വക്കിൽ നിന്നും വെല്ലുവിളികൾ തരണം ചെയ്ത് അതിജീവനത്തിൻ്റെ പുതുഗാഥ രചിച്ച് പൊതുവിദ്യാലയങ്ങൾക്ക് മാതൃകയാവുകയാണ് ഈ കലാലയം .

പത്രസമ്മേളനത്തിൽ പി .ടി അബ്ദുറഹിമാൻ (ഗ്രാമ പഞ്ചായത്ത് അംഗം , ചെയർമാൻ സ്വാഗത സംഘം) ശുക്കൂർ കോണിക്കൽ ( ഹെഡ്മാസ്റ്റർ) പി. അജേഷ് ( PTA പ്രസിഡണ്ട് )
സി. ഗംഗാധരൻ നായർ ( വികസന സമിതി കൺവീനർ ) കെ .ശശീധരൻ ( വികസന സമിതി വൈസ് ചെയർ മാൻ രാജൻ ചേനോത്ത് ( വികസന സമിതി ജോ . കൺവീനർ ) എന്നിവര്‍ പങ്കെടുത്തു.