നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: കെ.എസ്.എസ്.പി.എ

Kannur

തളിപ്പറമ്പ: കോൺഗ്രസ് പോഷക ഘടകമായ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ)യുടെ ജില്ലാ സമ്മേളനത്തിൻ്റെ കൊടിതോരണങ്ങൾ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ യു.ഡി.എഫ് നഗരസഭ അധികൃതർ നഗരം കയ്യടക്കിയ സി.പി.എം സമ്മേളനത്തിൻ്റെ കൊടിതോരണങ്ങളും ബോർഡുകളും വലിച്ചെറിയാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി.

2022 ൽ രണ്ട് ദിവസത്തെ ജില്ലാ സമ്മേളനത്തിന്ന് മുമ്പ് ഗതാഗത തടസ്സമില്ലാതെ കെട്ടി സമ്മേളനം തീരുന്ന വൈകുന്നേരം തന്നെ മാറ്റുമെന്ന് പറഞ്ഞ് അനുമതിയെടുത്ത് കെട്ടിയ കൊടിതോരണങ്ങളാണ് ഗതാഗത തടസ്സം പറഞ്ഞ് നഗരസഭ മാലിന്യവണ്ടിയിൽ പറിച്ചെറിഞ്ഞ് അപമാനിച്ചത്. യു.ഡി.എഫ് നഗരസഭയിൽ നിന്ന് നേരിട്ട ഈ ദുരനുഭവം മറക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിൽ സി.പി.എം സമ്മേളനത്തിന് സ്ഥാപിച്ച കൊടിതോരണങ്ങളും ബോർഡുകളും നഗരസഭക്കു ഗതാഗത തടസ്സമല്ലാതായിരിക്കുകയാണോയെന്ന് വ്യക്തമാക്കണം.കെ.എസ്.എസ്.പി.എ കൊടിതോരണങ്ങൾ നീക്കുമ്പോൾ നഗരസഭയോടൊപ്പം ചേർന്നു നിന്ന പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം വ്യക്തമാക്കി. കെ.എസ്.എസ്.പി.എക്ക് നിയമവിരുദ്ധവും സി.പി.എം ന്‌ നിയ വിധേയവുമാക്കിയ നഗരസഭയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി പ്രേമരാജൻ, ജില്ലാ സെക്രട്ടറി പി. സുഖദേവൻ, സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി.കൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഇ.വിജയൻ, യു.നാരായണൻ, പി.ജെ മാത്യു, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.മധു, കമ്മിറ്റിയംഗങ്ങളായ പി.എം മാത്യു, കുഞ്ഞമ്മ തോമസ്, ബ്ലോക്ക് വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചനകുമാരി, ആർ.കെ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.