ഹൃദയപരിചരണത്തില്‍ മികച്ച നേട്ടം; സ്റ്റാര്‍കെയറില്‍ 84കാരന് ടിഎവിആര്‍ ചികിത്സ

Kozhikode

കോഴിക്കോട്: ഹൃദയഘടനാ സംബന്ധമായ ചികിത്സയില്‍ നിര്‍ണായക നേട്ടം കൈവരിച്ച് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ 84 വയസുള്ള വ്യക്തി ട്രാന്‍സ്‌കാത്ത് അയോര്‍ട്ടിക് വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹോസ്പിറ്റലിലെ മൈഹാര്‍ട്ട് സെന്ററില്‍ സീനിയര്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ആശിഷ് കുമാര്‍ മണ്ടലെയുടെ നേതൃത്വത്തിലുള്ള സംഘമാണ് രോഗിയെ ടിഎവിആര്‍ ചികിത്സയ്ക്ക് വിധേയമാക്കിയത്. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയുടെ ആവശ്യകത ഇല്ലാതാക്കുകയും പ്രായമായ രോഗികളുടെ ഹൃദയചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നേട്ടമാണ് സ്റ്റാര്‍കെയറിലെ മൈഹാര്‍ട്ട് വിഭാഗം കൈവരിച്ചത്. 84കാരനായ രോഗി 15 വര്‍ഷം മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നീട് ഗുരുതരമായ അയോര്‍ട്ടിക് സ്‌റ്റെനോസിസ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം കാരണം അയോര്‍ട്ടിക് വാല്‍വ് ഇടുങ്ങി രക്തയോട്ടം കുറഞ്ഞു. അതുവഴി നെഞ്ചുവേദനയും ശ്വാസതടസവുമുണ്ടായി. രോഗിയുടെ രക്തക്കുഴലുകളിലെ വലിയ തോതിലുള്ള കാല്‍സിഫിക്കേഷന്‍ കാരണം ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ ഏറെ അപകട സാധ്യതയുള്ളതായിരുന്നെന്ന് ഡോ. ആശിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വാ മാറ്റിവെക്കല്‍ (ടിഎവിആര്‍) നടപടിക്രമം കാര്യങ്ങള്‍ എളുപ്പമാക്കി. ഓപ്പണ്‍ സര്‍ജറിയിലെ അപകടം ഇതുവഴി ഒഴിവാകുകയും രോഗി പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കുകയും ചെയതതായി ഡോ. ആശിഷ് കുമാര്‍ പറഞ്ഞു. 2016 മുതല്‍ ഡോക്റ്റര്‍ ആശിഷ് കുമാര്‍ ഇത്തരത്തിലുള്ള ചികിത്സകള്‍ തുടര്‍ന്നുവരുന്നു.

ടിഎവിആര്‍ പോലുള്ള ചികിത്സകള്‍ ഏറ്റവും കുറഞ്ഞ പരുക്കുകള്‍ ഉള്ളതും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് സാധ്യമാവുന്നതും ആണ്. ഇന്ന് കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഹൃദയഘടനാപരമായ പ്രശ്‌നം വാര്‍ദ്ധക്യമോ ജനിതക ഘടകങ്ങളുടെ ഫലമായോ ഉണ്ടാവുന്ന അയോര്‍ട്ടിക് വാല്‍വ് രോഗമാണ്. ശ്വസനവൈഷമ്യം, നെഞ്ചിലെ അസ്വസ്ഥത, തലകറക്കം എന്നിവ ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്ന സാധാരണ ലക്ഷണങ്ങളാണ്. അയോര്‍ട്ടിക് സ്റ്റെനോസിസ് പോലുള്ള സാഹചര്യങ്ങളെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിന് എക്കോകാര്‍ഡിയോഗ്രാം പോലുള്ള ആധുനിക രോഗനിര്‍ണയ ഉപകരണങ്ങള്‍ ഫലപ്രദമായിരിക്കും. മുന്‍പ് പരമ്പരാഗത ശസ്ത്രക്രിയയ്ക്ക് വിധേയമായ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രായമായ രോഗികള്‍ക്ക് ശസ്ത്രക്രിയ രഹിതമായ ടിവിഎആര്‍ ചികിത്സ ഏറെ ഗുണകരമായിരിക്കും.

നെക്സ്റ്റ് ജനറേഷന്‍ വാല്‍വുകള്‍, രോഗനിര്ണയത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പോലുള്ള പുതുമകള്‍, രോഗികള്‍ക്ക് മെച്ചപ്പെട്ട ഫലങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഏറ്റവും കുറവ് ഇന്‍വസീവ് ആയ നടപടിക്രമങ്ങള്‍ തുടങ്ങിയവ ഹൃദയ പരിചരണത്തിന്റെ ഭാവിയില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് ഡോ. ആശിഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.