കുട്ടി വിഴുങ്ങിയ രണ്ടര ഇഞ്ച് നീളമുള്ള ആണി വിജയകരമായി പുറത്തെടുത്തു

Wayanad

മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ രണ്ടര വയസ്സുകാരന്റെ വയറ്റിൽ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്പാണി വിജയകരമായി പുറത്തെടുത്തു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഉദര – കരൾ രോഗ വിഭാഗം (ഗാസ്ട്രോ എന്ററോളജി) സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ടി. ശ്രീനിവാസ് റെഡ്ഢി ആയിരുന്നു ചെറുകുടലിന്റെ തുടക്ക ഭാഗത്ത്(ഡിയോഡിനം) കുത്തി നിന്ന ആണി എൻഡോസ്കോപ്പിലൂടെ പുറത്തെടുത്തത്.

വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി കൈയ്യിൽ കിട്ടിയ ആണി വിഴുങ്ങുകയായിരുന്നു. ഇത് കണ്ട മൂത്ത കുട്ടിയാണ് ആണി വിഴുങ്ങിയ കാര്യം മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് പനിയുടെ ലക്ഷണങ്ങളോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ എക്സ്റേ വീണ്ടുമെടുത്തപ്പോൾ നേരത്തെ കണ്ട സ്ഥലത്തുനിന്നും ആണിയുടെ സ്ഥാനം മാറാത്തതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരിന്നു. സാധാരണയിൽ ഇത്തരം അന്യ വസ്തുക്കൾ വിഴുങ്ങുമ്പോൾ തൊണ്ടയുടെ ഭാഗത്തു നിന്നും ഇറങ്ങി കഴിഞ്ഞാൽ അണുബാധ ഉണ്ടാകുന്നത് വരെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഇത്തരം ഘട്ടങ്ങളിൽ ചെറുകുടലിന്റെ അകത്തേക്ക് ഇവ കടന്നാൽ എൻഡോസ്കോപ്പിയിലൂടെ നീക്കം ചെയ്യാൻ കഴിയാതെ വരികയും തുറന്ന ശസ്ത്രക്രിയ ആവശ്യമായും വന്നേക്കാം.

കുട്ടികളുടെ സർജ്ജൻ പ്രൊ. വിനോദ് പ്രേം സിംഗ്, ഗാസ്ട്രോ സർജ്ജൻ ഡോ. ശിവപ്രസാദ് കെ. വി എന്നിവരുടെ നിർദ്ദേശങ്ങളോടൊപ്പം അനസ്തേസ്യ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആരതി ബാലകൃഷ്ണൻ, എൻഡോസ്കോപ്പി ടെക്‌നീഷ്യൻമാരായ അനഘ എ, കൃഷ്ണേന്ദു രാജേന്ദ്രൻ, എന്നിവർ ഡോ. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്നു. അണുബാധയ്ക്കുള്ള സാധ്യത ഉള്ളതിനാൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചുവരുന്നു.