കോഴിക്കോട്: എം.ടി.വാസുദേവൻനായരുടെ സിനിമകളും കഥാപാത്രങ്ങളും കാലാതിവർത്തിയാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്‌ഗോപി. വടക്കൻവീരഗാഥയുടെ റീ റിലീസിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ അദ്ദേഹം എം.ടിയുടെ വസതിയായ സിതാരയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കൈവച്ച മേഖലകളിലെല്ലാം മഹത്വം നിറഞ്ഞ വ്യക്തിത്വമാണ് എം.ടി. വികാരങ്ങളുടെ ഉൾകാമ്പിലേക്കാണ് എം.ടിയുടെ കലാസൃഷ്ടികൾ ചെന്നെത്തിയത്.
വടക്കൻ വീരഗാഥയിൽ അഭിനയിക്കുമ്പോൾ എനിക്ക് 28 വയസ്സ് മാത്രമായിരുന്നു. ഒരു പൂർണ്ണകായ പ്രതിമയ്ക്ക് പുതിയ ഭാവം നൽകിയാണ് വടക്കൻ വീരഗാഥ തിയേറ്ററിൽ വീണ്ടും എത്തിയത്. നാല് തലങ്ങളിലെ സ്ത്രീകളാണ് വടക്കൻ വീരഗാഥയിൽ കഥാപാത്രങ്ങളായി ഉള്ളത് .
ഇന്ന് അതുപോലെ സ്ത്രീകളെ വിമർശിക്കാൻ പറ്റുമോ?. എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാക്കും . എം.ടിയുടെ ഉദ്ദേശ ശുദ്ധിയെ പോലും ചിലപ്പോൾ നമ്മൾ ചോദ്യം ചെയ്‌തെന്ന് വരും. ഒരു കേംബ്രിഡ്ജ് ടെക്സ്റ്റിന്റെ സ്വഭാവം വീരഗാഥയുടെ എഴുത്തിനുണ്ട്. ഓസ്‌കാറിന് പോലും വിലയിരുത്താൻ പറ്റാത്ത ആഖ്യാനമാണ് വടക്കൻ വീരഗാഥ. പുതിയ തലമുറ ഇനിയും ഇതിനെ മനസ്സിലാക്കുമെന്നും സുരേഷ് ഗോപി. ബി.ജെ.പി കോഴിക്കോട് ജില്ലാ മുൻപ്രസിഡൻ്റ് വി.കെ.സജീവനും കൂടെയുണ്ടായിരുന്നു.