കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. രാംപുനിയാനി അഭിപ്രായപ്പെട്ടു. കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനം കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍(സമുദ്ര ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയവും സാങ്കേതികവുമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന് പകരം മിത്തുകളും കേട്ടുകേള്‍വികളും അടിസ്ഥാനമാക്കിയുളള വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് കേന്ദ്രം വാദിക്കുന്നത്. ഇത് രാജ്യത്തെ വിദ്യാഭ്യാസമേഖലയെ നൂറ്റാണ്ടുകളോളം പിറകോട്ട് നയിക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കുന്നത്.
ചരിത്രം മാറ്റിയെഴുതുന്ന പ്രവണത പുതിയ ഒന്നല്ല, നിരന്തരമായി മോദി സര്‍ക്കാര്‍ അതാണ് ചെയ്യുന്നത്. മിത്തുകളെ രാഷ്ട്രീയത്തിലേക്കും മതത്തിലേക്കും കടത്തിവിടുന്നു. മതത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. മഹാത്മാഗാന്ധിയുടെ വധം പോലും അവരുടെ താല്‍പര്യത്തിനനുസരിച്ച് മാറ്റുകയാണ്. ഗാന്ധി മരണപ്പെട്ടു എന്നാണ് പറയുന്നത്. അദ്ദേഹത്തെ വധിച്ചു എന്നു പറയാന്‍ തയാറാവുന്നില്ല. ഇങ്ങനെ എല്ലാ ചരിത്രവസ്തുതകളെയും വക്രീകരിക്കുകയാണ് ചെയ്യുന്നത്.
വേദങ്ങളും വര്‍ണവ്യവസ്ഥയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം വലിയതോതില്‍ നടക്കുകയാണ്. വിദ്യാഭ്യാസമേഖലയെയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. പാഠപുസ്തകഭേദഗതികളും സിലബസ് മാറ്റവും തകൃതിയായി നടക്കുന്നു. ഇത്തരം അനാശാസ്യപ്രവണതക്കെതിരെ ശക്തമമായ ചെരുത്തുനില്‍പ് ഉണ്ടാവണം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പ്രതിരോധത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഇക്കാര്യത്തില്‍ കേരളം ഒരു പച്ചത്തുരുത്തായി മാറുന്നുണ്ട്. അത് അഭിമാനകരവും സന്തോഷജനകവുമാണ്. വിദ്യാഭ്യാസമേഖലയിലെ അനഭിലഷണീയമായ പ്രവണതകളെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്.
ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും മുന്നേറ്റങ്ങളും ലോകമെങ്ങും നടക്കുമ്പോള്‍ പഞ്ചഗവ്യം എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് എന്ന് പ്രചരിപ്പിക്കുന്ന മോദിയുടെ ശാസ്ത്രം വിലപ്പോവില്ല. യഥാർഥ ശാസ്ത്രം നമ്മുടെ മുന്നിലുണ്ട്. ഇതിനെ നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. നമ്മുടെ കണ്ടുപിടിത്തങ്ങളെല്ലാം മഹാഭാരതത്തിലും രാമായണത്തിലും നേരത്തെ ഉണ്ടായതാണ് എന്ന പ്രചാരണം എത്രമാത്രം ബാലിശമാണെന്ന് ഓര്‍ക്കണം. ശാസ്ത്രത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാത്ത പഠനം അര്‍ഥമില്ലാത്തതാണ് എന്ന് തിരിച്ചറിയപ്പെടണം -ഡോ. രാം പുനിയാനി പറഞ്ഞു. ചടങ്ങില്‍ കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് അധ്യക്ഷനായി.