ലുലുമാളിൽ പൂക്കളുടെ വൈവിധ്യം ആസ്വദിക്കാൻ സന്ദർശകരുടെ തിരക്കേറുന്നു

Kozhikode

കോഴിക്കോട്: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ളവർ ഫെസ്റ്റിൽ സന്ദർശകരുടെ തിരക്കേറുന്നു. മാളിന് പുറത്തും, എട്രിയത്തിലുമായാണ് വ്യത്യസ്തതരം പുഷ്പ സസ്യങ്ങളുടെ ശേഖരവുമായി പുഷ്പമേള തുടങ്ങിയത്. പുഷ്പ വൈവിധ്യങ്ങൾ ആസ്വദിക്കാനും വാങ്ങുവാനുമായി നിരവധി പേരാണ് ലുലുമാളിലേക്ക് എത്തിച്ചേരുന്നത്. മുപ്പത് രൂപ മുതൽ വിലപ്പന ആരംഭിക്കുന്ന ഫ്ലവർ ഷോയിൽ ഫല സസ്യങ്ങളും, വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന പുഷ്പങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. മെലസ്റ്റോമ, പോയിൻസെറ്റിയ, ബാർബർട്ടൺസ് ഡെയ്സി, ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍, വാട്ടർ മോസൈക്, വാട്ടർ ലില്ലി, വാട്ടർ പോപ്പി എന്നിവയും മേളയിലുണ്ട്. കൂടാതെ ഹാങ്ങിങ് ഫ്‌ളവേഴേസ്, ബഡ്‌സ് ഫ്‌ളവേഴ്‌സ് തുടങ്ങി പൂക്കളിലെ വ്യത്യസ്തതകള്‍ നേരിട്ട് കണ്ട് മനസിലാക്കാനും വാങ്ങുവാനും സാധിക്കും.

വിവിധ തരം റോസാ പൂക്കളും, തെച്ചിയും, ചെമ്പരത്തിയും, കടലാസ് ചെടിയുമൊക്കെയാണ് മേളയിലെ നാട്ടിന്‍പുറത്തുകാർ . ഓര്‍ക്കിഡുകളുടെ വൈവിധ്യവും പൂന്തോട്ടം അലങ്കരിക്കാന്‍ സന്ദര്‍ശകരെ സഹായിക്കും. കുറഞ്ഞ ചിലവില്‍ വീടിന്റെ ഉദ്യാനം അലങ്കരിക്കാന്‍ പാകത്തിലുള്ള പുഷ്പ സസ്യങ്ങളാണ് മേളയിലെ എടുത്ത് പറയുന്നവ. ഫല സസ്യങ്ങളിൽ സ്ട്രോബെറി, ബട്ടർ, പേര, ചിക്കു. ചെറി തുടങ്ങി നിരവധി വൈവിധ്യങ്ങളും മേളയിലുണ്ട്. മേളയുടെ ഭാ​ഗമായി പോട്ടറി സെഷൻ, ടെറാറിയം മേക്കിങ്, ഫെയിസ് പെയിന്റിംഗ് തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറും.