കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന്; ട്രമ്പും മോഡിയും ലോകത്തെയും ഇന്ത്യയേയും കൊള്ളയടിക്കുന്നു

Wayanad

55-ാമത് വർഗ്ഗീസ് രക്തസാക്ഷി ദിനം ആചരിച്ചു

മാനന്തവാടി: 55-ാം വർഗ്ഗീസ് രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചു. പ്രകടനവും മാനന്തവാടി പോസ്റ്റോഫീസിന് സമീപം അനുസ്മരണ സമ്മേളനവും നടന്നു. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന് എന്ന് വർഗ്ഗീസ് ഉയർത്തിയ മുദ്രാവാക്യം ഇന്നും പ്രസക്തമാണ് എന്ന് വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണാരൻ അഭിപ്രായപ്പെട്ടു. ട്രമ്പും മോഡിയും ലോകത്തെയും ഇന്ത്യൻ ജനതയെയും വെല്ലുവിളിച്ചു കൊണ്ട് മനുഷ്യാവകാശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കോർപ്പറേറ്റ് നവഫാസിസത്തിന് നേതൃത്വം നൽകുന്നു. ട്രമ്പിന് മുന്നിൽ കീഴടങ്ങുന്ന നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. സമാനമായി നവലിബറൽ നയങ്ങൾ പിന്തുടർന്ന് കൊണ്ടിരിക്കുന്ന പിണറായി സർക്കാരിനെതിരെയും വിപ്ലവ ശക്തികൾ ഐക്യപ്പെട്ട് പ്രക്ഷോഭത്തിൽ അണിനിരക്കണം എന്ന് അദ്ദേഹം പ്രസ്താവിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച വർഗ്ഗീസ് അനുസ്മരണ സമ്മേളനത്തിൽ എം.കെ. ഷിബു സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പി.എൻ. പ്രൊവിൻ്റ്, എം.കെ. ദാസൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കെ. ശിവരാമൻ, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, സി.ജെ. ജോൺസൺ, ഇ.വി. ബാലൻ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.