തൃശൂർ :നഗരത്തിൽ ഇനി അരങ്ങൊഴിയാത്ത നാടകത്തിന്റെ ലോകവേദികൾ. കേരളത്തിന്റെ 15-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോകിന് ഇന്ന് തുടക്കം. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ പ്രമേയം “പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ” എന്നാണ്. വിവിധ സംസ്കാരങ്ങൾ കൊണ്ട് അതിജീവനത്തിനായി പ്രതിരോധം തീർക്കുന്ന മനുഷ്യരെ അടയാളപ്പെടുത്തുകയാണ് നാടകോത്സവം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാടക മേളയിൽ ഒന്നായ ഇറ്റ്ഫോക്കിൽ വൈവിധ്യമാർന്ന നാടകങ്ങൾ, സംഗീത – നൃത്ത പ്രകടനങ്ങൾ, പാനൽ ചർച്ചകൾ, സംവാദങ്ങൾ, ആർട്ടിസ്റ്റുകളുമായുള്ള മുഖാമുഖം എന്നിവയുമുണ്ട്. എട്ട് ദിവസത്തെ പരിപാടിയിൽ മൂന്നു വേദികളിലായി 10 ഇന്ത്യൻ നാടകങ്ങളും അഞ്ച് അന്താരാഷ്ട്ര നാടകങ്ങളും ഉൾപ്പെടെ 15 നാടകങ്ങളുടെ 34 പ്രദർശനങ്ങളുണ്ടാകും.
കെ ടി മുഹമ്മദ് തിയറ്ററിൽ 550 പേർക്കും ബ്ലാക്ക് ബോക്സിൽ 150, ആക്ടർ മുരളി തിയറ്ററിൽ 500 എന്നിങ്ങനെയാണ് നാടകം കാണുന്നതിനായി ഇരിക്കാനുള്ള സൗകര്യം. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയുടെ നേതൃത്വത്തിൽ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത്, പ്രോഗ്രാം ഓഫിസർ വി കെ അനിൽകുമാർ എന്നിവരാണ് ഇറ്റ്ഫോക് പരിപാടികൾ ഏകോപിപ്പിക്കുന്നത്. പ്രശസ്ത രംഗശിൽപ്പിയും ആർട്ടിസ്റ്റുമായ സുജാതന്റെ മേൽനോട്ടത്തിലാണ് നാടക വേദികൾ രംഗാവിഷ്ക്കാരങ്ങളുടെ ശബ്ദമായി ഉണരുന്നത്.
ഉച്ചയ്ക്ക് മൂന്നിന് ‘ദി നൈറ്റ്സ്’, രാത്രി 7.30ന് ‘ഹയവദന’ തുടങ്ങിയ നാടകങ്ങൾ അരങ്ങേറും. അഞ്ച് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി അക്കാദമി അംഗം സജു ചന്ദ്രന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മേളം കച്ചേരിയുണ്ട്.