തൃശൂര്‍: രോഗിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സ്കാനിംഗിനെത്തിയ പൈങ്കുളം സ്വദേശിയുടെ രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ പിടിയിലായത്.
മെഡിക്കല്‍ കോളേജിലെ എ ബ്ലോക്കിലെ സ്കാനിങിന് ബില്ലടയ്ക്കാന്‍ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിനിയുടെ മാല മോഷണം പോകുന്നത്. മോഷ്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ പിന്നീട് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ഷാജുവിന്റെ നേത്യത്വത്തിലുള്ള സംഘമാണ് ശിവകാമി, റോജ എന്നിവരെ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്. ഇവരെ പിടികൂടുന്ന സമയം പല പേരുകള്‍ ആണ് ഇവര്‍ പറയാറുള്ളത്.