ഡോ. ഹുസൈൻ മടവൂർ
ഇന്നലെ കംബോഡിയയിൽ നിന്ന് മങ്ങുമ്പോൾ മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരിൽ സന്ദർശനം നടത്താൻ അവസരം ലഭിച്ചു. മൂന്നാം തവണയാണ് മലേഷ്യ സന്ദർശിക്കുന്നത്. അവിടെ എല്ലാം മനോഹരമാണ്. ആളുകളുടെ പെരുമാറ്റവും മനോഹരം. റോഡുകളും പള്ളികളും മാളുകളും ഹോട്ടലുകളും എല്ലാം മനോഹരം.

ഖബർസ്ഥാനുകൾ വളരെ മനോഹരമായി ഡിസൈൻ ചെയ്താണ് ക്രമപ്പെടുത്തിയത് . നല്ല ഭംഗിയുള്ള ചെടികളും പൂമരങ്ങളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. ഖബറുകൾക്കിടയിൽ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ പച്ചപ്പുല്ല് വെച്ച് പിടിപ്പിച്ച് ഭംഗിയാക്കി വെച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ പള്ളിക്കാട്ടിലെ ഖബർ… എന്ന ഭീതിപ്പെടുത്തുന്ന ചിത്രം അവിടെയില്ല.
അവിടെ പാമ്പും കീരിയും പട്ടിയും കുറുക്കനും ഓടി നടക്കുന്നില്ല. നമ്മുടെ മുമ്പേ പോയവർ പൂക്കളുടെയും ചെടികളുടെയും തണലിൽ ശാന്തമായുറങ്ങുന്നുവെന്ന ഒരു തോന്നലുണ്ടാക്കാനും ഈ ശ്രദ്ധയും പരിഗണനയും മൂലം സാധിക്കുന്നുണ്ട് . എത്ര മനോഹരമായിരിക്കുന്നു ഈ അന്ത്യ വിശ്രമ സ്ഥലം.

ഓരോ ഖബറിന്നും പ്രത്യേകം നമ്പർ ഉണ്ട്. അതിൻ്റെ വിശദവിവരങ്ങൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് സിയാറത്തിന് വരുന്നവർക്ക് ഏറെ സഹായകമാകും.
ആ സുന്ദര ഭൂമിയിൽ അന്ത്യവിശ്രമം കൊള്ളുന്നവരെ കാണാൻ വരുന്നവരെ പേടിപ്പിക്കുന്നതല്ല അവിടെയുള്ള ഒന്നും .
ഇക്കാര്യത്തിൽ മലേഷ്യയിലേത് പോലെ നമുക്കും വേണം ചില മാറ്റങ്ങൾ. അനുഭവങ്ങ ളാണല്ലോ ഏറ്റവും നല്ല അദ്ധ്യാപകൻ.