വയനാട് തുരങ്ക പാത ഉപേക്ഷിക്കുക: CPI(ML)RED STAR

Wayanad

കല്പറ്റ: പശ്ചിമഘട്ടത്തെ തകർക്കുന്ന – വയനാടിന് ദുരന്തമായി മാറുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയാറാവണമെന്ന് CPI(ML) Redstar വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമുദ്രനിരപ്പിൽ നിന്നും 1500 അടിയോളം ഉയരത്തിലും 70 ഡിഗ്രി ചരിവിലുമുള്ള ഇടതൂർന്ന വനങ്ങളാലും ജൈവവൈവിധ്യങ്ങളാലും സമ്പുഷ്ടമായ ഇവിടം പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുർബ്ബല പ്രദേശമാണ് ”മുണ്ടക്കൈ-ചൂരൽ മല, പുത്തുമല ദുരന്ത ഭൂമികളും, അരുണാമലയടക്കമുള്ള ആദിവാസി ഊരുകളും, സൂചിപ്പാറ, കാന്തൻപാറ വെള്ളച്ചാട്ടങ്ങളും നിർദ്ദിഷ്ട തുരങ്കത്തിന് സമീപമാണ്. ക്യാമൽ മലനിരകളെന്നറിയപ്പെടുന്ന ഈ മലനിരകളുടെ ഏറ്റവും ഉയർന്ന ഭാഗത്താണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. നിരവധി ആനത്താരകളെ മുറിച്ചു കടന്നും വയനാടിനെ ഒന്നടങ്കം താങ്ങി നിർത്തുന്ന മലനിരകൾക്ക് കനത്ത പ്രകമ്പനമേൽപ്പിച്ചുമാണ് നിർദ്ദിഷ്ട തുരങ്കം നിർമ്മിക്കുന്നത്. മേപ്പാടിയിൽ ആയിരം ഏക്കർ സർക്കാർ ഭൂമി കയ്യടക്കിയ ബോബി ചെമ്മണ്ണൂർ അടക്കമുള്ള റിയൽ എസ്റ്റേറ്റ് -ടൂറിസം- ഭൂമാഫിയകൾക്കുവേണ്ടിയാണ് പൊതുഖജനാവിൽ നിന്നും 2000 കോടി കൊള്ളയടിക്കുന്ന തുരങ്കപദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ‘വയനാടൻ ജനതക്ക് യാതൊരു ഗുണവും ഇല്ലാത്ത പാരിസ്ഥിതികവും, സാമൂഹികവും, സാമ്പത്തികവുമായി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിർദ്ദിഷ്ഠ തുരങ്ക പാത പദ്ധതിയിൽ നിന്നും ഭരണകക്ഷിയും സർക്കാരും പിൻമാറണമെന്നും 2000 കോടി, മുണ്ടക്കൈ ദുരന്തബാധിതരുടെയും ഉരുൾപൊട്ടൽ-മലയിടിച്ചിൽ അപകടഭീഷണിയിൽ കഴിയുന്നവരുടെയും പുനരധിവാസത്തിനും, മനുഷ്യ-വന്യജീവി സംഘർഷത്തിനറുതി വരുത്താൻ ശാസ്ത്രീയ പദ്ധതികൾക്കായി മാറ്റിവെക്കണമെന്നും CPI(ML) Red Star ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് വതരിപ്പിച്ചു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ. പ്രേംനാഥ്, കെ.ജി. മനോഹരൻ, സി. ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.