കല്‍പ്പറ്റ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്. മേപ്പാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ബോധവല്‍ക്കരണ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു.
കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന സ്വീകരണ സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്രാഞ്ച് പ്രസിഡന്റ് ഡോ. സമീഹ സെയ്തലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.കെ ശശിധരന്‍, സംസ്ഥാന ട്രഷറര്‍ ഡോ. റോയ് ആര്‍ ചന്ദ്രന്‍, ഡോ. പി ഗോപികുമാര്‍, ഐഎംഎ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ഭാസ്‌ക്കരന്‍ എം, നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ. സണ്ണി ജോര്‍ജ്ജ്, ജില്ലാ കണ്‍വീനര്‍ ഡോ. റോഷിന്‍ ബാലകൃഷ്ണന്‍, കല്‍പ്പറ്റ ബ്രാഞ്ച് സെക്രട്ടറി ഡോ. സ്മിത വിജയ്, സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ. സലിം കെ, സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് സെക്രട്ടറി സുരാജ് വിവി, നോര്‍ത്ത് വയനാട് പ്രസിഡന്റ് ഡോ. സുരേഷ് കുമാര്‍ ടിപി, നോര്‍ത്ത് വയനാട് സെക്രട്ടറി ഡോ. മുഹമ്മദ് റാഫി എന്‍, വനിത വിഭാഗം കല്‍പ്പറ്റ ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍ ഡോ. സുഷമ പി എസ്, ഡോ. ലൈല മെഹ്‌റീന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുതിര്‍ന്ന ഡോക്ടറായ ട്രീസ സെബാസ്റ്റ്യനെ ചടങ്ങില്‍ ആദരിച്ചു.
ഡോക്ടര്‍ – രോഗി ബന്ധം ശക്തമാക്കാനും വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതിന്റെയും ഭാഗമായി യാത്രാ സംഘം ഡോക്ടര്‍മാരോടും പൊതുജനങ്ങളോടും സംവദിച്ചു. സംഘം മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. കാസര്‍ഗോഡ് നിന്ന് മാര്‍ച്ച് ആറിനാണ് യാത്ര ആരംഭിച്ചത്. ഇന്ന് (തിങ്കള്‍) മലപ്പുറം, പാലക്കാട് ജില്ലകളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. മാര്‍ച്ച് 16ന് തിരുവനന്തപുരം കഴക്കൂട്ടത്ത് യാത്ര സമാപിക്കും.