സ്വകാര്യ സർവകലാശാലാ ബില്ലിലെ യു.ജി.സി ചട്ട ലംഘനം: ഗവർണർ ഇടപെടണം – ഫെഡറേഷൻ

Thiruvananthapuram

തിരുവനന്തപുരം: നിർദ്ദിഷ്ട സ്വകാര്യ സർവകലാശാലാ ബില്ലിലെ യു.ജി സി ചട്ടലംഘനം ചൂണ്ടിക്കാട്ടി  ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഗവർണ്ണർക്ക് പരാതി നൽകി.

പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2003 -ൽ പുറത്തിറക്കിയ യു.ജി.സി റെഗുലേഷൻ അനുസരിച്ച്  സ്വകാര്യ സർവകലാശാല ഒറ്റ ക്യാമ്പസിൽ തന്നെ ആയിരിക്കണമെന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.  എന്നാൽ കേരള സർക്കാരിന്റെ നിർദ്ദിഷ്ട സ്വകാര്യ സർവകലാശാലാ ബില്ലിൽ  മൾട്ടി കാമ്പസായി പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ആരംഭിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. സർവകലാശാലയുടെ ആസ്ഥാനത്തിനു വേണ്ടിയുള്ള പത്തേക്കർ ഭൂമിയിൽ  ഒരു കാമ്പസ് സ്ഥാപിക്കണമെന്നും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികൾ അനുശാസിക്കുന്ന ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും മൾട്ടി കാമ്പസിൽ ഉണ്ടായാൽ മതിയെന്നുമാണ് സ്വകാര്യ സർവകലാശാലാ ബില്ലിലെ വ്യവസ്ഥകൾ.

സ്പോൺസറിങ് ഏജൻസികളുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളുടെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും സർവകലാശാലയ്ക്കായി പ്രയോജനപ്പെടുത്താം. സർക്കാർ അനുമതിയുണ്ടെങ്കിൽ ആസ്ഥാനത്തിന് പുറത്തു ക്യാമ്പസ് സ്ഥാപിക്കാം.  മൾട്ടി ക്യാമ്പസ് എന്നതിന്റെ നിർവചനം ബില്ലിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കിയിട്ടുമുണ്ട്. ഓഫ് കാമ്പസ് സെന്ററുകളോ സ്റ്റഡി സെന്ററുകളോ പോലും സർവകലാശാല  പ്രവർത്തനമാരംഭിച്ച് അഞ്ചു വർഷത്തിന് ശേഷം മാത്രമേ യു.ജി.സി-യുടെ അനുമതിയോടെ ആരംഭിക്കാൻ കഴിയുകയുള്ളൂ എന്നതാണ് കേന്ദ്ര നിയമം. 

ബില്ലിലെ ഉൾപ്പെടുത്തിയിരിക്കുന്ന ഈ വ്യവസ്ഥകൾ യു.ജി.സി ചട്ടങ്ങളുടെ നഗ്നമായ  ലംഘനമാണന്നാണ് ഫെഡറേഷന്റെ പരാതിയിൽ പറയുന്നത്. കേരളത്തിലെ നിലവിലെ  കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള വിവിധ സ്വാശ്രയ സ്ഥാപനങ്ങളെ സർവകലാശാലകളാക്കി മാറ്റുവാനുള്ള ഗൂഢ പദ്ധതിയാണ് ഇതിന്റെ പിന്നിലെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ എസ് ജയകുമാർ എന്നിവർ ആരോപിച്ചു.

നിലവിലുള്ള സ്വാശ്രയ സ്ഥാപനങ്ങൾ സർവകലാശാലകളായി മാറുന്നതുകൊണ്ട് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ എന്ത് മാറ്റമാണ് ഉണ്ടാകുന്നതെന്ന് സർക്കാർ വ്യക്മാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.