അങ്കമാലി: കച്ചവട ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലന്‍സ് ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫെമ കേസില്‍ അങ്കമാലി ആസ്ഥാനമായുള്ള മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 40 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയെന്ന വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന നിയമവിരുദ്ധമായി പണം കടത്തിയെന്ന കാര്യം അടിസ്ഥാന രഹിതമാണ്. ഇ.ഡിയുടെ താത്കാലിക ഉത്തരവ് ലഭിച്ചുവെന്നത് സത്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
മൂലന്‍സ് ഗ്രൂപ്പിന്റെ കുടുംബ സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ ഭാഗമാണ് ഇടയ്ക്കിടെ ഉയരുന്ന അടിസ്ഥാന രഹിത പരാതിയും അന്വേഷണവും. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നിരവധി തവണ അടിസ്ഥാന രഹിതമായ പരാതികളും കേസുകളും കുടുംബാംഗങ്ങള്‍ക്കും മൂലന്‍സ് ഗ്രൂപ്പിനെതിരെയും ബിനാമി വഴി നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ എതിര്‍കക്ഷി നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇവര്‍ നല്‍കിയ പരാതികള്‍ എല്ലാം വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബിനാമി വഴി വ്യാജ പരാതി ഇഡിക്ക് നല്‍കിയതെന്നും മൂലന്‍സ് ഗ്രൂപ്പ് കുറ്റപ്പെടുത്തി. കമ്പനി അക്കൗണ്ട് വഴിയോ അല്ലാതെയോ സൗദിയിലേക്ക് പണം കൊണ്ടുപോയിട്ടില്ല. സൗദിയിലെയും നാട്ടിലെയും കമ്പനികളുടെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആരോപിക്കുന്ന രീതിയിലുള്ള പണമിടപാടുകള്‍ നടന്നിട്ടില്ല എന്നതിനാല്‍ ആര്‍ബിഐയെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇത്തരത്തില്‍ നിരവധി കമ്പനികള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇഡി ഉത്തരവിനെതിരെ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ തെളിവുകളുടെയും പിന്‍ബലത്തില്‍ അപ്പീല്‍ നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.