എ വി ഫര്‍ദിസ്
കോഴിക്കോട്: കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനും (എഫ് ഐ ഇ ഒ ) ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സോണും സംയുക്തമായി മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ സെയിഫ് സോണിലെ ലോകോത്തര സൗകര്യങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി സെമിനാര്‍ സംഘടിപ്പിക്കുന്നു.
20നു വൈകീട്ട് 6 മണിക്ക് കോഴിക്കോട് താജ് ഹോട്ടലില്‍ ആണ് സെമിനാര്‍.
2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും യു ഏ ഇയും 2022 ഫെബ്രുവരിയില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സി ഇ പി എ) ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ കയറ്റുമതിയുടെ 90 ശതമാനത്തിനും യു എ ഇയുടെ 65 ശതമാനത്തിനും നികുതി രഹിത പ്രവേശനം സി ഇ പി എ അനുവദിക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 97ശതമാനത്തിനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും യു എ ഇ വിപണിയില്‍ ഡ്യൂട്ടി രഹിത പ്രവേശനം ലഭിക്കുമെന്നും യു എ ഇ ഉല്‍പ്പന്നങ്ങളില്‍ 90 ശതമാനത്തിനും ഇന്ത്യന്‍ വിപണിയില്‍ ഡ്യൂട്ടി രഹിത പ്രവേശനം കിട്ടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. രത്‌നങ്ങളും ആഭരണങ്ങളും തുണിത്തരങ്ങളും തുകല്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് സാധനങ്ങള്‍, എന്‍ജിനീയറിങ് സാധനങ്ങള്‍, ഓട്ടോമൊബൈല്‍സ്, മരം, ഫര്‍ണിച്ചര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് നേട്ടമുണ്ടാക്കാന്‍ പോകുന്ന പ്രധാന വാണിജ്യ മേഖലകള്‍.
സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രധാന ഭാഗങ്ങളെക്കുറിച്ചും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഉയര്‍ന്നുവരുന്ന അവസരങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ യു എ ഇയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ലഭ്യമായ വിവിധ ബിസിനസ്സ് അവസരങ്ങളെ കുറിച്ചും ശില്പശാല ചര്‍ച്ചചെയ്യും. പ്രവേശനം സൗജന്യമാണ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണുകളില്‍ ഒന്നാണ് സെയിഫ് സോണ്‍. നിക്ഷേപ അവസരങ്ങള്‍ അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും പങ്കാളികളുമായി സംവദിക്കുന്നതിനും സെന സോണ്‍ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സെമിനാറില്‍ എത്തും. രജിസ്‌ട്രേഷന് വിളിക്കാവുന്ന ഫോണ്‍ 8921397635 , 9895598009, 8129576018.