ഈദുഗാഹുകളിൽ ലഹരിക്കെതിരെ പ്രതിരോധ മതിൽ സൃഷ്ടിക്കും

Kozhikode

കോഴിക്കോട്: മലയാളി യുവതയെ കാർന്നു തിന്നുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ ഐ എസ് എം സംസ്ഥാന വ്യാപകമായി “അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം” എന്ന പ്രമേയത്തിൽ മൂന്ന് മാസം നീണ്ടുനിൽക്കുന്ന നല്ല കേരളം പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന ലഹരിക്കെതിരെയും അരാജകവാദങ്ങൾക്കെതിരെയും ഫലപ്രദവും പ്രായോഗികവുമായ വിവിധ തരം ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പെരുന്നാൾ സുദിനത്തിൽ ഈദ്ഗാഹുകളിലും
പള്ളികളിലും പൊതുയിടങ്ങളിലും പോസ്റ്റർ പ്രദർശനങ്ങൾ സംഘടിപ്പിക്കും.
നല്ല കേരളം സന്ദേശ ബാഡ്‌ജുകൾ ധരിച്ച് പൊതുജനങ്ങൾ ലഹരിക്കെതിരെയുള്ള മുന്നേറ്റത്തിന് ഈദുഗാഹുകളിൽ വരുന്ന പതിനായിരങ്ങൾ ഐക്യദാർഡ്യം പ്രകടിപ്പിക്കും.
ഈദ്ഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിരോധ മതിൽ
സൃഷ്ടിക്കുകയും ലഹരി മുക്ത നല്ല കേരളത്തിനായി പ്രതിജ്ഞ എടുക്കുകയും ചെയ്യും. സംസ്ഥാനത്തെ മുഴുവൻ ഈദുഗാഹുകളിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ അറിയിച്ചു. സാമൂഹിക തിന്മയായ ലഹരിയുടെ വ്യാപനത്തിന് ലിബറൽ കാഴ്ചപ്പാടുകളും ദൈവനിഷേധ ചിന്താ രീതികളും വലിയ രീതിയിലാണ് സ്വാധീനം ചെലുത്തിയിട്ടുള്ളത്. കുടുംബ വ്യവസ്ഥയെ തകർക്കുകയാണ് ഇത്തരം കാഴ്ചപ്പാടുകൾ ചെയ്തിട്ടുള്ളത്. മൂല്യവത്തായ സാമൂഹിക ക്രമം സ്ഥാപിക്കുന്നതിന് ധാർമിക അന്തരീക്ഷത്തിലുള്ള കുടുംബ സംവിധാനത്തെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് ഐഎസ്എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. അതുകൊണ്ട് നല്ല കേരളം പദ്ധതിയിലൂടെ സ്നേഹവീടുകളെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഐഎസ്എം മുഖ്യമായും ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ഹാസിൽ മുട്ടിൽ, അദീബ് പൂനൂർ, ഡോ. സുഫിയാൻ അബ്ദുസത്താർ, ഡോ. മുബശിർ പാലത്ത്, റിഹാസ് പുലാമന്തോൾ, സാബിക്ക് മാഞ്ഞാലി, ഡോ. റജുൽ ഷാനിസ്, നസീം മടവൂർ, ഡോ. യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, മിറാഷ് അരക്കിണർ, ഡോ. ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ്, സഹൽ മുട്ടിൽ, ഷരീഫ് കോട്ടക്കൽ, മുഹ്‌സിൻ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫാദിൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു.