ആന്‍റണി വർഗീസ് നായകനായ ‘ദാവീദ്’ ഏപ്രിൽ 18ന് ZEE5ൽ റിലീസ് ചെയ്യുന്നു

Uncategorized

ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ ഏപ്രിൽ 18ന് ZEE5ൽ റിലീസ് ചെയ്യുന്നു. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ‌ദീപു രാജീവും ചേർന്നാണ് തയ്യാറാക്കിയത്. സെഞ്ചറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോ ‍ജോസഫ്, കുമാർ മം​ഗലത്ത് പതക്ക്, അഭിഷേക് പതക് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ആഷിക് അബു എന്ന ബോക്സറുടെ വേഷത്തിലാണ് ആന്റണി പ്രത്യക്ഷപ്പെട്ടത്.

റിങ്ങിലേക്ക് തിരികെ വരുമ്പോൾ ജീവിതം കീഴ്മേൽ മറിയുന്ന ഒരു മുൻ ബോക്സർ ആഷിഖ് അബുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2025 ഫെബ്രുവരി 14നാണ് തിയറ്റർ റിലീസ് ചെയ്തത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് ജസ്റ്റിൻ വർ​ഗീസാണ് സം​ഗീതം പകർന്നത്.

മലയാളം ഫിലിം ഇന്റസ്ട്രി ഇന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപിടിയിലാക്കി പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. ഞങ്ങളുടെ ‘ദാവീദ്’നെ ZEE5ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ‘ദാവീദ്’ കാഴ്ചക്കാരെ രസിപ്പിക്കുമെന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ഞങ്ങൾക്ക്‌ പ്രതീക്ഷയുണ്ടെന്ന് Zee5ന്റെ പ്രതിനിധി പറഞ്ഞു.

‘ദാവീദ്’നോടൊപ്പമുള്ള യാത്ര അത്ഭുതകരമായിരുന്നു. ZEE5ലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വികാരങ്ങളുടെയും ആക്ഷന്റെയും മിശ്രിതമാണ് ഈ സിനിമ. ആന്റണി വർഗീസ്, ലിജോമോൾ ജോസ്, സൈജു കുറുപ്പ് തുടങ്ങിയവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ‘ദാവീദ്’നെ പ്രേക്ഷകർക്ക് ഇഷ്ടമാവുമെന്നും അവർ ചിത്രം ആസ്വദിക്കുമെന്നും സംവിധായകൻ ഗോവിന്ദ് വിഷ്ണു പറഞ്ഞു.

ആഷിഖ് അബുവിനെ അവതരിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ഈ കഥാപാത്രത്തിലേക്കുള്ള യാത്ര ഒരു വെല്ലുവിളിയായിരുന്നു. തിയേറ്ററുകളിൽ സിനിമക്ക് ലഭിച്ച സ്നേഹത്തിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ZEE5-ൽ ചിത്രം കാണുമ്പോൾ പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ഞാൻ കാത്തിരിക്കുകയാണ്. ദാവീദ് നിങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു. ചിരിയും സങ്കടവും ബോക്സിംഗിലെ ആക്ഷൻ രംഗങ്ങളും കലർന്ന കഥയാണിത്. തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ നൽകിയ സ്നേഹവും പിന്തുണയും ഒടിടി റിലീസിലും തുടരണമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പെപ്പെ പറയുന്നത്.

ഏപ്രിൽ 18 മുതൽ ZEE5ലൂടെ ചിത്രം വേൾഡ് വൈഡ് റിലീസായ് പ്രേക്ഷകരിലേക്കെത്തും.