അഷറഫ് ചേരാപുരം
ദുബൈ: അടിയന്തര ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയു.എ.ഇ സുപ്രധാന കരാര്‍. യു.എ.ഇ.യിലെ റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങും (ആര്‍.പി.എം.) ഇന്ത്യയുടെ എയ്‌റോസ്‌പേസ് പ്രതിരോധസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എല്‍) തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ ഇവാക്വേഷന്‍, ഹെലികോപ്റ്റര്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് തുടങ്ങിയവ ഇരുരാജ്യങ്ങളും തമ്മില്‍ സാധ്യമാകും. ഇരു രാജ്യങ്ങളിലെയും പരസ്പര പ്രയോജനകരമായ മേഖലകളില്‍ സഹകരണത്തിനുള്ള പുതിയ അവസരങ്ങള്‍ ആര്‍.പി.എമ്മും എച്ച്.എ.എല്ലും ഒരുമിച്ച് കണ്ടെത്തും. ഇതൊരു പുതിയ നാഴികക്കല്ലാണെന്ന് ആര്‍.പി.എം സി.ഇ.ഒ മേജര്‍ ടോം ലൂയിസ് പറഞ്ഞു.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ 2023 ഏവിയേഷന്‍ എക്‌സിബിഷന്റെ ഭാഗമായാണ് കരാര്‍ ഒപ്പിട്ടത്. യു.എ.ഇ, ഇന്ത്യ, ഒമാന്‍, സഊദി അറേബ്യ, ഈജിപ്ത്, നൈജീരിയ, മറ്റ് ജി.സി.സി രാജ്യങ്ങളിലും ആര്‍.പി.എം സാന്നിധ്യമുണ്ട്. ഓണ്‍ഷോര്‍, ഓഫ്‌ഷോര്‍, കെമിക്കല്‍ വ്യവസായങ്ങള്‍, പ്രധാന നിര്‍മ്മാണ സൈറ്റുകള്‍, സൈറ്റ് ക്ലിനിക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്കുള്ള ആംബുലന്‍സ് സേവനങ്ങളും എണ്ണ, വാതക മേഖലയ്ക്കുള്ള വൈദ്യസഹായവും നല്‍കുന്ന കമ്പനിയാണിത്. ഇന്ത്യക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ കരാര്‍ സഹായകമാവുമെന്നാണ് കരുതുന്നത്.