കുന്ദമംഗലം: അര നൂറ്റാണ്ട് മുമ്പ് അധ്യാപന ജോലി ചെയ്ത മാതൃവിദ്യാലയത്തിലെ തണൽ മരച്ചോട്ടിൽ ആരാമ്പ്രം ഗവ: യു.പി. സ്കൂളിലെ പഴയ തലമുറയിലുൾപ്പെടെയുള്ള പൂർവ അധ്യാപകർ സംഗമിച്ചത് മധുരമുള്ള അനുഭവമായി. വിരമിച്ച് കാൽ നൂറ്റാണ്ട് പിന്നിട്ടവരും വിരമിക്കാൻ 7 വർഷം ബാക്കിയുള്ളവരടക്കം നാൽപതിലധികം അധ്യാപകരാണ് പൂർവ വിദ്യാലയത്തിൽ ” ഓർമ്മപ്പീലികൾ ” എന്ന് പേരിട്ട സമാഗമത്തിനെത്തിയത്.
നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സുഹൃത്തിന് കൈമാറാൻ സ്നേഹ സമ്മാനവുമായി എത്തിയ അധ്യാപകർ പരിചയപ്പെടൽ ചടങ്ങിൽ സമ്മാനങ്ങൾ കൈമാറി. പഴയ സ്ക്കൂൾ അനുഭവങ്ങൾ ഓർത്തെടുത്ത അധ്യാപകർ പഴയ കാല സഹപ്രവർത്തകരെ ഒന്നിച്ചു കാണാനായതിലുള്ള നിർവൃതി പങ്ക് വെച്ചു.
ഓല കൊണ്ട് മറ തീർത്ത ക്ലാസുകളും ചളിക്കെട്ട് നിറഞ്ഞ മുറ്റവും മറ്റ് പരിമിതികളുമുണ്ടായിരുന്ന വിദ്യാലയം ഇന്ന് ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും ജില്ലയിലെ എണ്ണപ്പെട്ട വിദ്യാലയങ്ങളിലൊന്നായ തിൽ എല്ലാ അധ്യാപകരും സന്തുഷ്ടി രേഖപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് അംഗം പുറ്റാൾ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. യു ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. മൂസക്കോയ പടനിലം മുഖ്യപ്രഭാഷണം നടത്തി .സ്ക്കൂൾ ഹെഡ്മാസ്റ്റർ എ.പി. ജാഫർ സാദിഖ് , പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് പൂളക്കാടി , വൈസ് പ്രസിഡണ്ട് എ.കെ. ജാഫർ എന്നിവർ പ്രസംഗിച്ചു. കെ.വി. അബ്ദുൽ സലാം , കെ. അബ്ദുൽ മജീദ് , പി.കെ. സജീവൻ , വി.കെ. മോഹൻ ദാസ് , ശുക്കൂർ കോണിക്കൽ, എ അബ്ദുൽ ബാരി തുടങ്ങിയവർ നേതൃത്വം നൽകി.