കോഴിക്കോട്: നിരപരാധികളെ നിഷ്ക്കരുണം കൊന്ന് തള്ളുന്ന ഭീകരരെ അമർച്ച ചെയ്യാൻ രാജ്യം ഒന്നിച്ചു നിൽക്കണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ
ഉണ്ടായ ഭീകരാക്രമണം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. ഭീകരരുടെ ഭീരുത്വവും മനുഷ്യത്വമില്ലായ്മയുമാണ് കശ്മീർ ഭീകരാക്രമണത്തിൽ വ്യക്തമാകുന്നത്. ഭീകരതക്ക്
മതമോ നിറമോ ഇല്ലാത്തതിനാൽ മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. എല്ലാ ഭീകരതക്കും ഇന്ധനം നൽകുന്നത് വെറുപ്പിന്റെ പ്രത്യയ ശസ്ത്രമാണ്. നിരപരാധികളെ കൊല്ലുന്ന, സമൂഹത്തിൽ വിഭാഗീയതയും അരാജകത്വവും വിതക്കുന്ന വിദ്വേഷ അജണ്ടകൾക്കെതിരെ രാഷ്ട്രീയം മറന്ന് പോരാടണമെന്നും കെ എൻ എം പ്രസിഡന്റ് ആവശ്യപ്പെട്ടു.
രാജ്യത്തെ അശാന്തിയിലേക്ക് നയിക്കാൻ കരുക്കൾ നീക്കുന്ന ഭീകര സംഘങ്ങളെയും അവരുടെ ആശയങ്ങളേയും പിഴുതെറിയാൻ രാജ്യം ഒന്നിച്ചു നിൽക്കുമെന്ന് മാതൃകാമുന്നേറ്റത്തിലൂടെ ദുശക്തികൾക്കു മനസ്സിലാക്കി കൊടുക്കണമെന്നും കെ എൻ എം. ആവശ്യപ്പെട്ടു. ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന ഭീകരതക്കെതിരെ ആഗോള സമൂഹം ഒന്നിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.