സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച വയനാട് ജില്ലാതല യോഗത്തോടുള്ള പ്രതിഷേധമറിയിച്ച് സംവിധായകൻ നിർമൽ ബേബി വർഗീസിന്റെ ഫേസ്ബുക് പോസ്റ്റ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കുകയെന്നതായിരുന്നു യോഗത്തിന്റെ പ്രധാന പരിപാടിയായി മുന്നോട്ട് വെച്ചത്. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ പ്രത്യേക ലിസ്റ്റിലുള്ളവരെ മാത്രം വിളിച്ചാണ് യോഗത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞതെന്നത് യോഗത്തിന്റെ വിശ്വാസതയെ ചോദ്യം ചെയ്യുന്നതാണ് നിർമൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ശ്രദ്ധയിലേയ്ക്ക്.. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വയനാട് ജില്ലാതല യോഗത്തിൽ പങ്കെടുക്കുവാനും, അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുന്നതിനുമുള്ള ക്ഷണം ലഭിച്ചിരുന്നെങ്കിലും എന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുവാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയും പ്രതിഷേധവും പങ്കുവെക്കുന്നു. മുൻകൂട്ടി തയ്യാറാക്കിയ പ്രത്യേക ലിസ്റ്റിലുള്ളവരെ മാത്രം വിളിച്ചാണ് യോഗത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞതെന്നതും യോഗത്തിന്റെ വിശ്വാസതയെ ചോദ്യം ചെയ്യുന്നതാണ്. സിനിമ മേഖലയിൽ നിന്നുള്ള വ്യക്തി എന്ന നിലയിലായിരിക്കണമല്ലോ എന്നെ ക്ഷണിച്ചത്. സംഘാടകർ തയ്യാറാക്കിയ പ്രത്യേക ലിസ്റ്റിൽ ആരും തന്നെ ഈ മേഖലയിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചിട്ടില്ല എന്നതും ഈ മേഖലയോടുള്ള അവഗണനയാണ്..
ഞാൻ പറയാൻ ആഗ്രഹിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ചുവടെ ചേർക്കുന്നു.. വയനാട്ടിലെ സ്വർണ്ണഖനന ചരിത്രത്തെ സംബന്ധിച്ച് ഞാൻ സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യുമെന്ററി ചിത്രത്തിന്, 2021ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്‌സിൽ മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാമിനുള്ള അവാർഡ് ലഭിച്ചിരുന്നു. ഡോക്യൂമെന്ററി മുഴവനായി പൂർത്തിയാക്കാൻ 12000 രൂപയാണ് എനിക്ക് മൊത്തം ചിലവായത്. എന്നാൽ സ്റ്റേറ്റ് അവാർഡിന് സബ്മിറ്റ് ചെയ്യുവാനായി എനിക്ക് 16000 രൂപ കൂടുതൽ ചിലവഴിക്കേണ്ടി വന്നു.
സ്റ്റേറ്റ് അവാർഡ്‌സിൽ അയക്കാനുള്ള പ്രധാന മാനദണ്ഡം എന്നത് സെൻസർ ചെയ്യണെമെന്നുള്ളതാണ്. സെൻസർ ചെയ്യുന്നതിന്റെ നടപടി ക്രമങ്ങൾ സിനിമ മേഖലയിൽ ഉള്ള ഒരാളെ സംബന്ധിച്ച് തന്നെ, പ്രയാസകരമായ ഒന്നാണ്. ഈ മേഖലയിലേയ്ക്ക് പുതുതായി വരുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് അത് വളരെ പ്രയാസകരമാണ്. മറ്റുള്ളർവരെ പോലെ എനിക്കും ഒരു ഏജന്റിന്റെ സഹായത്തോടെയാണ് സെൻസറിങ് പൂർത്തിയാക്കാൻ കഴിഞ്ഞത്, അതിന് 15000 രൂപയാണ് ഫീസ് ആയി നൽകേണ്ടി വന്നത്. അവാർഡിന്റെ സബ്മിഷൻ ഫീസ് 1000 രൂപയും. അതിനാൽ സ്റ്റേറ്റ് അവാർഡ്‌സിൽ ഡോക്യൂമെന്ററികൾക്കും ഷോർട് ഫിലിമിനും സെൻസർഷിപ് നിർബന്ധമാക്കരുത് എന്നൊരു അഭിപ്രായം മുന്നോട്ടു വെക്കുന്നതിനോടൊപ്പം,
ഡോക്യൂമെന്ററികൾക്കും ഷോർട് ഫിലിമുകൾക്കുമുള്ള, സംസ്ഥാന അവാർഡ്… ടെലിവിഷൻ അവാർഡ്‌സിൽ നിന്നും മാറ്റി ചലച്ചിത്ര പുരസ്കാരത്തിന്റെ ഭാഗമാക്കണമെന്നും, കുറച്ച് വർഷങ്ങൾക്ക് മുൻപുവരെ ഡോക്യൂമെന്ററികൾ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ കൂടെയായിരുന്നു പരിഗണിച്ചിരുന്നതെന്നും ഓർമ്മപ്പെടുത്തുന്നു.
കൂടാതെ… ചെറിയ ചിലവിൽ, അല്ലെങ്കിൽ സീറോ ബഡ്ജറ്റിൽ ഷോർട് ഫിലിമുകളും ഡോക്യൂമെന്ററികളും നിർമ്മിക്കുന്നവരാണ് International Documentary and Short Film Festival of Kerala അഥവാ IDSFFKൽ ചിത്രങ്ങൾ സബ്മിറ്റ് ചെയ്യുന്നവരിൽ കൂടുതലും. വലിയ ബഡ്ജറ്റിൽ ഫീച്ചർ സിനിമകൾ നിർമ്മിക്കുന്നവർക്ക് iffk യിൽ ഫ്രീ എൻട്രി നൽകുമ്പോൾ, IDSFFKൽ ചിത്രങ്ങൾ സബ്മിറ്റ് ചെയ്യുവാൻ ചെറിയ നിർമ്മാതാക്കളിൽ നിന്നും 1000 രൂപ ഫീസ് വാങ്ങുന്നതിന്റെ കാരണം മനസിലാകുന്നില്ല.
ഡോക്യൂമെന്ററിയും ഷോർട്ട് ഫിലിമുകളും സ്റ്റേറ്റ് അവാർഡിന് അയക്കുന്നതിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഞാൻ നേരത്തേ പറഞ്ഞു. അതുപോലെ, മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് ഫീച്ചർ ഫിലിമായ വഴിയെ, ഞാൻ 2020ൽ നിർമ്മിച്ചത് 10000 രൂപയ്ക്കാണ്. അത് എനിക്ക് അന്ന് സ്റ്റേറ്റ് അവാർഡ്‌ലേയ്ക്ക് സബ്മിറ്റ് ചെയ്യണമെങ്കിൽ.. സെൻസർ ചെയ്യേണ്ടതുണ്ട്.. മുൻപ് പറഞ്ഞതുപോലെ ഒരു ഏജന്റ് വഴി ഒരു ഫീച്ചർ ഫിലിം സെൻസർ ചെയ്യണമെങ്കിൽ കുറഞ്ഞത് 75000 കൊടുക്കണം. ഏജന്റ് ഇല്ലാതെ നേരിട്ട് ചെയ്യണമെങ്കിൽ തന്നെ.. സെൻസർ ഫീ കൂടാതെ.. 2 രീതിയിൽ ഫയൽ സബ്മിറ്റ് ചെയ്യാം. ഒന്നെങ്കിൽ ക്യുബിൽ അപ്‌ലോഡ് ചെയ്യാം. അതിന് നല്ലൊരു അപ്‌ലോഡിങ് ഫീസ് വരുന്നുണ്ട്. മറ്റൊരു ഓപ്ഷൻ DCP ഫോർമാറ്റിൽ ഫയൽ സബ്മിറ്റ് ചെയ്യാം, DCP കൺവെർഷൻ ചാർജ് കുറഞ്ഞത് 15000 ഒക്കെയാണ് പലരും വാങ്ങുന്നത്. അത് ഇനി സ്വന്തം പഠിച്ച് ചെയ്യാമെന്ന് വിചാരിച്ചാൽ തന്നെ നല്ലൊരു ഹാർഡ് ഡിസ്ക് വാങ്ങാൻ 7000-8000 വരെയാകും. കൂടാതെ തിയേറ്റർ സ്ക്രീനിംഗ് റെൻ്റും. ഇനി സെൻസറിങ് കഴിഞ്ഞ് സിനിമ സ്റ്റേറ്റ് അവാർഡിന് സബ്മിറ്റ് ചെയ്യാൻ, അന്ന് ഞാൻ അന്വേഷിച്ചപ്പോൾ 7500 രൂപയായിരുന്നു. ഇപ്പോഴത്തെ ഫീസ് എനിക്കറിയില്ല. കൂടാതെ അവിടെയും ഹാർഡ് ഡിസ്‌കിൽ DCP അടിച്ച് കൊടുക്കണം. അല്ലെങ്കിൽ ബ്ലൂ റേ ഫോർമാറ്റിലും കൊടുക്കാം. ബ്ലൂ റേ അടിക്കുന്നതിനും അത്യാവശ്യം നല്ലൊരു ചാർജ് ഉണ്ട്. അപ്പൊൾ 10,000 രൂപയ്ക്ക് നിർമ്മിച്ച ഒരു സിനിമ അവാർഡിന് അയക്കണമെങ്കിൽ ഞാൻ എത്രയോ ഇരട്ടി പണം ചിലവാക്കണം. 5000രൂപയ്ക്കും, സീറോ ബഡ്ജറ്റിൽ വരെ ഇവിടെ എത്രയോപേർ സിനിമ ചെയ്യുന്നുണ്ട്.
അതുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡിനായുള്ള മാനദണ്ഡങ്ങളിൽ നിന്നും സെൻസറിങ് ഒഴിവാക്കണമെന്ന അഭിപ്രായം വീണ്ടും മുന്നോട്ട് വെക്കുന്നതിനോടൊപ്പം, നമ്മൾ ടെക്‌നിക്കലി ഇത്രയും വളർന്ന് നിൽക്കുമ്പോൾ സ്റ്റേറ്റ് ഫിലിം അവാർഡിന്റെ സബ്മിഷൻ ഫോർമാലിറ്റീസ്, ഡിജിറ്റലി കുറേക്കൂടി സിമ്പിൾ ആക്കാവുന്നതാണെന്നും ഓർമ്മപ്പെടുത്തുന്നു..
കൂടാതെ സ്റ്റേറ്റ് അവാർഡുകളിലും IFFK യിലും പുരസ്‌കാരങ്ങൾ നേടുന്ന ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾ സർക്കാർ തിയേറ്ററുകൾ വഴി സൗജന്യമായി റിലീസ് ചെയ്യുവാനുള്ള സംവിധാനം ഏർപ്പെടുത്തി, സ്വതന്ത്ര സിനിമാ പ്രവർത്തകരെ പ്രോത്സാഹിക്കണമെന്നും, KSFDC യുടെ കീഴിലുള്ള ഒരു സിനിമാ തിയേറ്റർ എങ്കിലും, വയനാട്ടിൽ ഉടനെ പ്രാവർത്തികമാക്കണമെന്നും ഓർമ്മപ്പെടുത്തുന്നു.
എന്നെപ്പോലുള്ള സാധാരണക്കാർക്കും ഇവിടെ സിനിമകൾ ചെയ്ത്, അവ കേരള സർക്കാരിന്റെ കീഴിലുള്ള അവാർഡുകൾക്കും മേളകൾക്കും അയക്കുവാനുമുള്ള ഒരു സാഹചര്യം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിലൂടെ ശ്രദ്ധനേടിയ നിർമൽ, മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് ചിത്രമായ ‘വഴിയെ’യുടെ സംവിധായകൻ കൂടിയാണ്. ടൈം ലൂപ്പ് ചിത്രമായാ ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ ആയിരുന്നു നിർമലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ‘ഡിസീസ് എക്സ്: ദി സോമ്പി എക്സ്പിരിമെന്റ്’ ആണ് അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.