കൽപ്പറ്റ: വയനാട്ടിലെ ഭക്ഷ്യയോഗ്യമായ കിഴങ്ങു വർഗങ്ങളിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങളുടെ സാധ്യത മനസ്സിലാക്കുന്നതിനും ആളുകളെ പരിചയപെടുത്തുന്നതിനുമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു. കാച്ചിൽ, ചേന, ചേമ്പ്, മധുരക്കിഴങ്ങു, കൂർക്ക എന്നിവയിൽ നിന്നെല്ലാം നൂറിലധികം വിഭവങ്ങൾ പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതിനു പുറമെ ഭക്ഷ്യ യോഗ്യമായ അൻപതിൽ അധികം കാച്ചിൽ, ചേമ്പ്, ചേന ഇനങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ വിത്തുകൾ ആവശ്യക്കാർക്ക് കൊടുക്കാനുള്ള അവസരവും പരിപാടിയിൽ ഉണ്ടായിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിൻറെ കാലത്ത് കിഴങ്ങു വിളകൾക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഗവേഷണ കേന്ദ്രം മേധാവി ഡോ ഷക്കീല വി അഭിപ്രായപ്പെട്ടു. കിഴങ്ങു വിളകളിൽ നിന്നും മികച്ച രീതിയിൽ വിളവ് ലഭിക്കുന്നതിനാൽ ആഹാര സുരക്ഷയോടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിൽ കിഴങ്ങു വിളകൾക്ക് വലിയ പങ്കുണ്ട് എന്ന് ഡോ ഷക്കീല കൂട്ടിച്ചേർത്തു.
എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീനി രാമൻ, ഡോ. നീരജ് ജോഷി, ഡോ അർച്ചന ഭട്ട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് പുറമെ വിദ്യാർത്ഥികൾ കൃഷിക്കാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.