ലഖ്‌നൗ: ഭര്‍ത്താവിന്‍റെ താടി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതിനെ തുടര്‍ന്ന് ക്ലീന്‍ഷേവുകാരനായ ഭര്‍തൃസഹോദരനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. മീററ്റ് സ്വദേശിയായ മുഹമ്മദ് ഷാക്കിര്‍(28) ആണ് ഭാര്യ അര്‍ഷി(25) തന്റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നും മൂന്നുമാസമായിട്ടും അന്വേഷിച്ചിട്ട് കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തനിക്ക് താടിയുള്ളത് ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതേച്ചൊല്ലി നേരത്തേ പലതവണ ഭാര്യ ഭീഷണിമുഴക്കിയിരുന്നതായും തുടര്‍ന്നാണ് ക്ലീന്‍ഷേവായ തന്റെ സഹോദരനായ മുഹമ്മദ് സുബൈറി(24)നൊപ്പം ഭാര്യ ഒളിച്ചോടിയതെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കുന്നു.
ഷാക്കിറിന്റെ താടിയെച്ചൊല്ലി വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം ആരംഭിച്ചു. താടി ഷേവ് ചെയ്യണമെന്നും താടിയുള്ള ഭര്‍ത്താവിന്റെ രൂപം തനിക്കിഷ്ടമല്ലെന്നുമാണ് ഭാര്യ പറഞ്ഞിരുന്നത്. നിരന്തരം ഇക്കാര്യം യുവതി ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവ് ചെവികൊണ്ടില്ല. ഇതിനിടെ, താടി വടിച്ചില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ പറയുന്നു.
ഫെബ്രുവരി മൂന്നാം തീയതി ഭാര്യ വീട് വിട്ടുപോയതെന്നാണ് യുവാവിന്റെ ആരോപണം. തന്റെ സഹോദരനായ മുഹമ്മദ് സുബൈറിനൊപ്പമാണ് ഭാര്യ ഒളിച്ചോടിയതെന്നും വീട്ടില്‍നിന്ന് ചില വസ്തുക്കള്‍ കൈക്കലാക്കിയാണ് ഇവര്‍ മുങ്ങിയതെന്നും ഷാക്കിര്‍ പറയുന്നു.