ലഹരിക്കെതിരെയുള്ള ഐ.എസ്.എം ജില്ലാ ലൈഫ് എക്സ്പോ ഇന്ന് സമാപിക്കും

Kannur

തളിപ്പറമ്പ് : ‘അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം’എന്ന സന്ദേശവുമായി ഐ.എസ്.എം സംസ്ഥാന സമിതിയുടെ നല്ല കേരളം പദ്ധതിയുടെ ഭാഗമായുള്ള ദ്വിദിന ജില്ലാ ലൈഫ് എക്സ്പോ തളിപ്പറമ്പ ടൗൺ സ്ക്വയറിൽ ആരംഭിച്ചു.ഇന്ന് സമാപിക്കും.

എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ വി.വി ഷാജി എക്സ്പോ ഉദ്ഘാടനം ചെയ്തു. ലഹരി വിപത്തിനെ കുറിച്ച് ബോധ്യപ്പെടാനും തിരിച്ചറിവ് ഉണ്ടാകാനുമാകണമെന്നും ഐ.എസ്.എം ൻ്റെ ലൈഫ് എക്സ്പോ ഇതിന് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ലഹരിക്ക് അടിമപ്പെടുന്ന ചെറുതലമുറയെ ഒറ്റപ്പെടുത്തുന്നതിന് പകരം അവരെ ലഹരിക്കെടുതിയിൽ നിന്ന് മുക്തമാക്കി നന്മ നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് സമൂഹവും കുടുംബവും ശ്രമിക്കേണ്ടതെന്നും വി.വി ഷാജി വ്യക്തമാക്കി.

എം.എസ്.എം (മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് ) സംസ്ഥാന പ്രസിഡൻ്റ് ജസീൻ നജീബ് അദ്ധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡൻ്റ് കെ.എസ് റിയാസ് മുഖ്യാഥിതിയായി.കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ജോ. സെക്രട്ടറി പി.ടി.പി മുസ്തഫ, തളിപ്പറമ്പ മണ്ഡലം സെക്രട്ടറി വി.സുലൈമാൻ, ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡൻ്റ് ഇസ്മയിൽ ചെമ്പാട്, ജോ. സെക്രട്ടറി കെ.മുസ്തഫ, എം.എസ്.എം ജില്ലാ സെക്രട്ടറി വി.പി ഷെസിൻ എന്നിവർ പ്രസംഗിച്ചു.

ലഹരി നശിപ്പിക്കുന്ന മനുഷ്യ ശരീരാവയവങ്ങളുടെ നേർകാഴ്ച, ലഹരി വരുത്തുന്ന അപകടങ്ങൾ, ലഹരിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ, ലഹരിയിൽ നിന്നുള്ള മോചനം തുടങ്ങിയവ കുറിച്ചുള്ള ബോധവത്ക്കരണവും അവബോധവുമായി 12 വിഭാഗങ്ങളിൽ ലഹരി നിർമ്മാർജ്ജനത്തിന് പ്രേരണയുണ്ടാക്കുന്ന വിധത്തിലാണ് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

ഇന്ന് വൈകുന്നേരം 4.30 ന് സമാപന സമ്മേളനം കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര അദ്ധ്യക്ഷത വഹിക്കും .