പരിസ്ഥിതി സംരക്ഷണം സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണം: സാംസ്കാരിക കൂട്ടായ്മ

Kozhikode

 കോഴിക്കോട് / കടലുണ്ടി : ചേരക്കൊമ്പൻ മലയിൽ നിന്നും അറബിക്കടലിലേക്കുള്ള കരിമ്പുഴയുടെ ദീർഘ യാത്രയുടെ അവസാന തുടിപ്പുകൾ തൊട്ടറിഞ്ഞ്    
കണ്ടൽക്കാടുകളുടെ കുളിർമ ആസ്വദിച്ച് വെയിൽ കായുന്ന ദേശാടന പക്ഷികളെ വിസ്മയത്തോടെ നോക്കിക്കാണാൻ എത്തുന്ന യാത്രികർ കടലുണ്ടിയിലെ സാധാരണ കാഴ്ചയാണ് .  എന്നാൽ,  ഈ പ്രദേശത്തിന്റെ  ജൈവവൈവിധ്യത്തെയും പരിസ്ഥിതിക പ്രാധാന്യത്തെയും അതി സൂക്ഷ്മമായി അവലോകനം ചെയ്യുകയും  പരിസ്ഥിതി സംവാദങ്ങളുടെ വേലിലയേറ്റ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന കൂട്ടായ്മകൾ അപൂർവമായേ സംഭവിക്കാറുള്ളൂ.  അത്തരമൊരു അനുഭവമായിരുന്നു കേരള വനം – വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം കോഴിക്കോട് ഉത്തര മേഖല ഡിവിഷനും വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ചും ചേർന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസർവിൽ സാംസ്കാരിക പ്ര പ്രവർത്തകർക്കായി സംഘടിപ്പിച്ച “സാംസ്കാരിക പ്രവർത്തകരോടൊപ്പം ഒരു ദിനം” പരിപാടി.

കാടും  കടലും കുടിവെള്ളവും  ഹിമപാളികളും മനുഷ്യ-മൃഗ പോരാട്ടങ്ങളുമുൾപ്പെടെ  പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള  ചർച്ചകളാണ് പരിപാടിയിൽ ഉയർന്നുവന്നത്.  നമ്മുടെ ജൈവസമ്പത്തിന്റെ സംരക്ഷണം സമൂഹത്തിന്റെ മുഖ്യ പരിഗണനാ വിഷയമാക്കി മാറ്റുന്ന വിധം സാംസ്കാരിക പ്രവർത്തകർക്ക് നടത്താവുന്ന ഇടപെടലുകളെ  കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.  

ലോക ജലദിനത്തിൻ്റെ പ്രാധാന്യം കൂടി കണക്കിലെടുത്ത് ജലം -വനം –  കടൽ ആവാസ വ്യവസ്ഥയെക്കുറിച്ച് മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും പൊയിൽക്കാവ് ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ കൺവീനറുമായ ഇ. നാരായണൻ 2 മണിക്കൂർ നീണ്ട ആസ്വാദ്യകരമായ അവതരണം നടത്തി. മുൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പ്രഭാകരൻ വികസനപ്രവർത്തനങ്ങളും കണ്ടലുകളുടെ പ്രാധാന്യവും സംബന്ധിച്ച് ക്ളാസ് നയിച്ചു.           

     കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ സത്യപ്രഭ ഉദ്ഘാടനം ചെയ്തു. വടകര സാമൂഹ്യ വനവത്ക്കരണ വിഭാഗം റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി.സജീവ് ആധ്യക്ഷ്യം വഹിച്ചു. കടലുണ്ടി – വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് മാനേജ് കമ്മിറ്റി ചെയർമാൻ ടി.പി. വിജയൻ വിശിഷ്ടാതിഥി ആയിരുന്നു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസർ കെ. എൻ. ദിവ്യ, ദർശനം ഗ്രന്ഥശാല സെക്രട്ടറി ടി.കെ. സുനിൽ കുമാർ, കാലിക്കറ്റ് ബുക്ക് ക്ളബ്ബ് മുഖ്യസംഘാടകനും കവിയുമായ മോഹനൻ പുതിയോട്ടിൽ എന്നിവർ ആശംസകൾ നേർന്നു.

ദർശനം ഗ്രന്ഥശാല മുഖ്യ രക്ഷാധികാരി എം.എ. ജോൺസൺ എംഗൽസിൻ്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ ‘പ്രകൃതിയുടെ വൈരുധ്യാത്മകത ‘ യിൽ നിന്ന് പ്രസക്തമായ ഏതാനം വരികൾ വായിക്കുകയും ദർശനത്തിൻ്റെ ഉപഹാരമായി തടിയിൽ തീർത്ത ഒന്നിലധികം ആനകൾ ചേർന്ന ചെറു പെട്ടി സമ്മാനിക്കുകയും ചെയ്തു. കാലിക്കറ്റ് ബുക്ക് ക്ളബ്ബ് പ്രതിനിധി എഴുത്തുകാരനും അധ്യാപകനുമായ ഹരീന്ദ്രനാഥും ദർശനം പ്രതിനിധി പി. ദീപേഷ് കുമാറും ചേർന്നാണ് ആനപ്പെട്ടി കൈമാറിയത്.

ദർശനം പരിസ്ഥിതി വേദി കൺവീനർ പി.രമേഷ് ബാബു, ചിത്രകാരനും മാധ്യമപ്രവർത്തകനുമായ റോയ് കാരാത്ര, ഷാവി നോജ് , ബാലചന്ദ്രൻ പുതുക്കുടി, വി.തങ്ക പ്രസാദ്, ഗായകരായ എൻ.ഡി. ഉണ്ണികൃഷ്ണൻ നായർ, കെ. എം. ശ്രീനിവാസൻ, പറമ്പിക്കുളം ടൈഗർ റിസർവിലെ മുൻ ഫോറസ്റ്റ് റയിഞ്ച് ഓഫീസറും ദർശനം ജോയിൻ്റ് സെക്രട്ടറിയുമായബാബു നമ്പ്യാലത്ത്, ദർശനം ഐ.ടി. കോർഡിനേറ്റർ ഡഗ്ളസ് ഡി സിൽവ, എം.എൻ. സത്യാർത്ഥി ട്രസ്റ്റ് സെക്രട്ടറി ഒ. കുഞ്ഞിക്കണാരൻ, എം.എൻ. രാജേശ്വരി, ദർശനം ബാലവേദി മെൻ്റർ പി. തങ്കം, വി.ഹരികൃഷ്ണൻ, എ. സുധീർ, ജിഷി സുനിൽകുമാർ, മിനി ജോസഫ്, പ്രസന്നനമ്പ്യാർ, മേരിക്കുട്ടി ശശിധരൻ,ദർശനം വനിത വേദി ജോയിൻ്റ് കൺവീനർ എം. സുധ, ഫ്രീലാൻസ് ഫൊട്ടോഗ്രാഫർ ആർ.വി.സതി എന്നിവർ പഠന യാത്രയ്ക്ക് നേതൃത്വം നല്കി. വടകര ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബീരാൻകുട്ടി സ്വാഗതവും വടകര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ (എസ്.എഫ്) പി. ജലിസ് നന്ദിയും പറഞ്ഞു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി എം.ടി. ശിവരാജൻ ദർശനം ഗ്രന്ഥശാലയുടെ മുന്നിൽ വച്ച് സാംസ്കാരിക പ്രവർത്തകരുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കണ്ടൽക്കാടുകളെ തൊട്ടറിഞ്ഞുകൊണ്ടുള്ള ജല യാത്രയും കൂട്ടായ്മയുടെ ഭാഗമായി നടന്നു.